കൈലാസ് മാനസ സരോവർ യാത്രയും വിമാന സർവിസും പുനരാരംഭിക്കും: ഇന്ത്യ -ചൈന ധാരണയായി
text_fieldsബെയ്ജിങ്: കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ജനകേന്ദ്രീകൃത നടപടികൾ സ്വീകരിക്കാനും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ സെക്രട്ടറി സൺ വീഡോങ്ങും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി.
ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാന സർവിസ് പുനരാരംഭിക്കുന്നതിനും ചർച്ചയിൽ തത്ത്വത്തിൽ ധാരണയായി. 2020ൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നേരിട്ടുള്ള വിമാന സർവിസുകൾ നിർത്തിവെച്ചത്. അതേവർഷം ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്തോ-ചൈന സേനകൾ ഏറ്റുമുട്ടിയതോടെ നയതന്ത്ര പ്രശ്നവും രൂക്ഷമായിരുന്നു.
പരസ്പര സംശയത്തിന് പകരം പരസ്പര ധാരണക്കായി ഇന്ത്യയും ചൈനയും കൂടുതൽ ചർച്ച നടത്തണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. വിക്രം മിസ്രിയുമായി കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒന്നരമാസത്തിനിടെ ഇന്ത്യയിൽനിന്നുള്ള രണ്ടാമത്തെ ഉന്നതതല സന്ദർശനമാണിത്.
കഴിഞ്ഞവർഷം റഷ്യയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചക്കുശേഷം ഉഭയകക്ഷി ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായതായി വാങ് യി പറഞ്ഞു. സമാധാനവും സുസ്ഥിരതയും വികസനവും പുരോഗതിയുമുണ്ടാക്കുന്നതിന് മികച്ച ബന്ധം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

