വീണ്ടും ഇന്ത്യ- കാനഡ സൗഹൃദം
text_fieldsകാനഡയിലെ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക് കാർണിയും കണ്ടുമുട്ടിയപ്പോൾ
കനാനസ്കിസ് (കാനഡ): ഇടവേളക്കുശേഷം ഇന്ത്യയും കാനഡയും സൗഹൃദപാതയിൽ. ഇരുരാജ്യ തലസ്ഥാനങ്ങളിലും ഹൈകമീഷണർമാരെ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക് കാർണിയും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈകമീഷണർമാരെ പുനഃസ്ഥാപിക്കാനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്.
ഇന്ത്യ-കാനഡ ബന്ധത്തിലുള്ള ഭിന്നത പരിഹരിക്കാനുള്ള ശ്രമമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്താണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. 10 വർഷത്തിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ എത്തിയത്. ഇന്ത്യ-കാനഡ ബന്ധം അങ്ങേയറ്റം പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കാർണി അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. വ്യാപാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച തുടരാൻ ഇന്ത്യ-കാനഡ പ്രധാനമന്ത്രിമാർ തീരുമാനിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭക്ഷ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചചെയ്തു.
ഖാലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ചാണ് കാനഡയിലെ ഹൈകമീഷണറെയും അഞ്ച് നയതന്ത്ര പ്രതിനിധികളെയും കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്ത്യ പിൻവലിച്ചത്.
നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് കനഡയിലെ ഹൈകമീഷണർ സഞ്ജയ് വർമ അന്വേഷണ പരിധിയിലാണെന്ന് കാനഡ അറിയിച്ചതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. കാനഡയുടെ ആറു നയതന്ത്ര പ്രതിനിധികളെയും ഇന്ത്യ പുറത്താക്കിയിരുന്നു. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

