റഷ്യൻ ഉപരോധ ബില്ലിന് യു.എസ് സെനറ്റിൽ മുന്നേറ്റം; ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങൾക്ക് 100% തീരുവ ഭീഷണി
text_fieldsട്രംപ്
വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അധികാരം നൽകുന്ന പുതിയ റഷ്യൻ ഉപരോധ ബില്ലിന് യു.എസ് സെനറ്റിന്റെ അംഗീകാരം. അന്തരിച്ച സെനറ്റർ ലിൻഡ്‌സി ഗ്രഹാമിന്റെ സംസ്കാര ചടങ്ങുകൾക്ക് മണിക്കൂറുകൾക്ക് ശേഷം നടന്ന വോട്ടെടുപ്പിൽ 86-12 വോട്ടിനാണ് ബിൽ പ്രാരംഭ കടമ്പ കടന്നത്. ചെറിയ മാറ്റങ്ങളോടെ ഈ ആഴ്ച തന്നെ ബിൽ സെനറ്റിൽ അന്തിമ വോട്ടിങ്ങിന് വെക്കുമെന്നും പാസാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാഷിങ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്ന ഗ്രഹാമിന്റെ സംസ്കാര ചടങ്ങിൽ ഉക്രേനിയൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി പങ്കെടുക്കുകയും, വൈറ്റ് ഹൗസിൽ വെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത അതേ ദിവസമാണ് ഈ വോട്ടെടുപ്പ് നടന്നത്. സെനറ്റർമാരുമായുള്ള സ്വകാര്യ ചർച്ചക്ക് ശേഷം അദ്ദേഹം ഗാലറിയിൽ ഇരുന്ന് സെനറ്റ് വോട്ടിങ് വീക്ഷിക്കുകയും ചെയ്തു. 11 ഡെമോക്രാറ്റുകളും കെൻ്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗമായ റാൻഡ് പോളും ഉൾപ്പെടെയുള്ളവർ ഈ നടപടിയെ എതിർത്ത് വോട്ട് ചെയ്തു.
ഔദ്യോഗികമായി ‘ലിൻഡ്‌സി ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആക്ട് ഓഫ് 2026’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ബിൽ എളുപ്പത്തിൽ പാസാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. റഷ്യയെ കേന്ദ്രീകരിച്ചുള്ള വ്യവസ്ഥകൾക്ക് പുറമേ, ഈ വർഷാവസാനത്തോടെ കാലാവധി അവസാനിക്കുന്ന ഇറാൻ ഉപരോധങ്ങൾ പുതുക്കുന്നതിനുള്ള വ്യവസ്ഥകളും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘അമേരിക്കയുടെ സഖ്യകക്ഷികളെ ബാധിക്കാത്ത രീതിയിലും എന്നാൽ ചൈനയെയും ഇന്ത്യയെയും ലക്ഷ്യമിട്ടുമാണ് ഇത് തയാറാക്കിയിരിക്കുന്നത്. ചൈനയും ഇന്ത്യയുമാണ് ഭൂരിഭാഗം എണ്ണയും വാതകവും വാങ്ങുന്നത്. അങ്ങനെ അവർ റഷ്യയുടെ യുദ്ധത്തിന് ഇന്ധനം നൽകുകയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അവർ ഞങ്ങൾക്ക് യാതൊരു സഹായവും ചെയ്യുന്നില്ല’ വോട്ടെടുപ്പിന് ശേഷം സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ പറഞ്ഞു.
സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ കണക്കുപ്രകാരം, ജൂണിൽ മാത്രം 34% വർധനവോടെ 4.5 ബില്യൺ യൂറോയുടെ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. ഇന്ത്യക്കും ചൈനക്കും പുറമെ അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളും ഈ ബില്ലിന്റെ ലക്ഷ്യത്തിലാണ്. റഷ്യൻ എണ്ണയും വാതകവും ഏറ്റവും കൂടുതൽ വാങ്ങുന്ന അഞ്ച് പ്രധാന രാജ്യങ്ങളാണിവ.
സെനറ്റും പ്രതിനിധി സഭയും ബിൽ പാസാക്കിയാൽ, ഈ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താനുള്ള അധികാരം യു.എസ് പ്രസിഡന്റിന് ലഭിക്കും. കൃത്യമായ നിരക്ക് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് നിശ്ചയിക്കും. എന്നാൽ ഈ തീരുവകൾ ചുമത്താൻ പ്രസിഡന്റ് ട്രംപിന് അധികാരം നൽകുക മാത്രമാണ് ബിൽ ചെയ്യുന്നത്, അത് നിബന്ധനയാക്കുന്നില്ല എന്ന് സെനറ്റർ ബ്ലൂമെന്തൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

