‘അത് ശരിയല്ല’; ഓപറേഷൻ സിന്ദൂറിനിടെ പാകിസ്താനെ ചൈന സഹായിച്ചെന്ന വാദം തള്ളി ആസിം മുനീർ
text_fieldsഇസ്ലാമബാദ്: ഓപറേഷൻ സിന്ദൂറിനിടെ പാകിസ്താന് ചൈനയുടെയും തുർക്കിയയുടെയും സഹായം ലഭിച്ചെന്ന ഇന്ത്യൻ കരസേന ഉപമേധാവിയുടെ വാദം തള്ളി പാക് ആർമി മേധാവി ആസിം മുനീർ രംഗത്ത്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം നിരുത്തരവാദപരവും വസ്തുതക്ക് നിരക്കാത്തതുമാണെന്ന് ആസിം മുനീർ പറഞ്ഞു.
“പാകിസ്താന്റെ വിജയകരമായ ‘ഓപറേഷൻ ബനിയനം മാർസൂസി’ൽ ബാഹ്യ പിന്തുണയുണ്ടായെന്ന തരത്തിൽ പുറത്തുവരുന്ന അഭ്യൂഹങ്ങൾ നിരുത്തരവാദപരവും വസ്തുതാപരമായി തെറ്റുമാണ്. പതിറ്റാണ്ടുകളായി തന്ത്രപരമായ വിവേകത്തിലൂടെ വികസിപ്പിച്ചെടുത്ത തദ്ദേശീയ ശേഷിയും പ്രതിരോധശേഷിയും അംഗീകരിക്കാനുള്ള വിമുഖതയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ.
പാകിസ്താന്റെ പരമാധികാരത്തിനു നേരെയുള്ള ഏതൊരു വെല്ലുവിളിയെയും യാതൊരു നിയന്ത്രണങ്ങളോ തടസങ്ങളോ ഇല്ലാതെ അതിവേഗം നേരിടും. ജനവാസ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, സാമ്പത്തിക കേന്ദ്രങ്ങൾ, തുറമുഖങ്ങൾ എന്നിവയെ ലക്ഷ്യംവെച്ചുള്ള ഏതൊരാക്രമണവും അതിവേഗത്തിൽ ചെറുക്കുകയും തിരിച്ചടിക്കുകയും ചെയ്യും.
പരസ്പര ബഹുമാനത്തിനും സമാധാനത്തിനും പ്രാധാന്യം നൽകുന്ന, തത്വാധിഷ്ഠിത നയതന്ത്രത്തെ അടിസ്ഥാനമാക്കി പാകിസ്താൻ അന്താരാഷ്ട്ര സൗഹൃദങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്. രണ്ട് കക്ഷികൾ മാത്രമുണ്ടായിരുന്ന സൈനിക സംഘർഷത്തിൽ മറ്റ് രാജ്യങ്ങൾ ഇടപെട്ടെന്ന് പറയുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്” -ആസിം മുനീർ പറഞ്ഞു. ഇസ്ലാമബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിലെ ബിരുദധാരികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മുനീർ ഇക്കാര്യങ്ങൾ പറഞ്ഞത്.
നേരത്തെ അതിർത്തിയിൽ ഇന്ത്യ നേരിട്ടത് പാകിസ്താൻ, ചൈന, തുർക്കിയ എന്നീ മൂന്ന് ശത്രുക്കളെയാണെന്നും അതിൽ ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള പരീക്ഷണശാലയാക്കി സംഘർഷത്തെ മാറ്റിയെന്നും ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിങ് പറഞ്ഞിരുന്നു. ആധുനിക യുദ്ധമുഖത്തെ സങ്കീർണത വ്യക്തമാക്കുന്ന സംഘർഷമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
26 പേർ കൊല്ലപ്പെട്ട ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നായിരുന്നു ഇന്ത്യ-പാക് സംഘർഷം ഉടലെടുത്തത്. പാകിസ്താന് തിരിച്ചടി നൽകാൻ ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയ ഇന്ത്യക്ക് ആദ്യ രണ്ടുനാളിൽ തിരിച്ചടി നേരിട്ടതും യുദ്ധവിമാനം നഷ്ടമായതും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ വിദേശത്ത് പോയി പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷമാണ് ഇന്ത്യൻ സൈന്യത്തിലെ രണ്ടാമത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചിൽ.
അതിനിടെ, രാഹുൽ സിങ്ങിന്റെ ആരോപണം സംബന്ധിച്ച ചോദ്യം ചൈന അവഗണിച്ചു. ചൈനയും പാകിസ്താനും വലിയ സൗഹൃദമുള്ള അയൽക്കാരാണെന്നും പ്രതിരോധ, സുരക്ഷ സഹകരണം സൗഹൃദ രാഷ്ട്രങ്ങൾ തമ്മിൽ പതിവാണെന്നും ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
ചൈന-പാകിസ്താൻ ബന്ധം ഒരു മൂന്നാം കക്ഷിയെ ലക്ഷ്യമിട്ടുള്ളതല്ല. അതാണ് ചൈനയുടെ നയം. മറ്റ് ആരോപണങ്ങളെക്കുറിച്ച് വലിയ ധാരണയില്ല. പലർക്കും പല അഭിപ്രായങ്ങളുമുണ്ടാകാം. ഇന്ത്യ-ചൈന ബന്ധം നല്ല നിലയിൽ മുന്നോട്ടുപോവുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

