റയോ ഡി ജനീറോ: കോവിഡ് രണ്ടാം തരംഗത്തിൽ ലോകം മുഴുക്കെ വിറങ്ങലിച്ചുനിൽക്കുേമ്പാൾ ഭരണകൂടം തളർന്ന ബ്രസീലിൽ സ്ഥിതി അതി ഗുരുതരം. ഒറ്റനാൾ മരിച്ചവർ 4,000 പിന്നിട്ടതോടെ മൊത്തം മരണസംഖ്യയിൽ അമേരിക്കയെയും കടന്ന് ഒന്നാമതെത്താൻ ബ്രസീലിന് ഏറെനാൾ കാത്തിരിക്കേണ്ടിവരില്ലെന്നാണ് മുന്നറിയിപ്പ്.
വൈറസ് ബാധ പിടിവിട്ട് കുതിക്കുേമ്പാഴും അതിന്‍റെ പേരിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനില്ലെന്ന് ജയ് ബൊൾസനാരോ സർക്കാർ തീരുമാനമെടുത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
ചൊവ്വാഴ്ച മാത്രം രാജ്യത്ത് 4,195 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 366,000 കടന്നു. മുന്നിലുള്ള അമേരിക്കയിൽ അഞ്ചു ലക്ഷത്തിനു മുകളിലാണ് സംഖ്യ.
ബ്രസീലിൽ ജൈവ ഫുകുഷിമ സ്ഫോടനമാണ് സംഭവിച്ചതെന്നും ഈ ആണവ നിലയത്തിലെ തുടർ പ്രതിപ്രവർത്തനങ്ങൾ നിയന്ത്രണാതീതമായി കുതിക്കുകയാണെന്നും ഡ്യൂക് യൂനിവേഴ്സിറ്റി പ്രഫസറും ബ്രസീലിയൻ ഡോക്ടറുമായ ഡോ. മിഗ്വൽ നികൊളെലിസ് പറഞ്ഞു.
രാജ്യത്തെ ആശുപത്രികൾ രോഗബാധിതരാൽ നിറഞ്ഞുകവിഞ്ഞതോടെ ചികിത്സ പോലും കൈവിട്ടുപോകുന്നുവെന്നാണ് ആശങ്ക.