നേപ്പാളിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി, ദുരന്തമൊഴിവായത് തലനാരിഴക്ക്
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ വിമാനം ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറി. 55 യാത്രക്കാരുമായി പോയ ബുദ്ധ എയറിന്‍റെ ടർബോപ്രാപ് വിമാനമാണ് റൺവേയിൽ നിന്നും 200 മീറ്റർ തെന്നിമാറിയത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നെത്തിയ വിമാനം ഭദ്രാപൂരിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്.
വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 9ൻ-എഎംഎഫ്, എടിആർ 72-500 നമ്പർ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ട്രാക്കറുകളിൽ നിന്ന് വ്യക്തമാണ്. രക്ഷാപ്രവർത്തനത്തിനായി കാഠ്മണ്ഡുവിൽ നിന്ന് സാങ്കേതിക, ദുരിതാശ്വാസ സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു.
വിമാനം റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലേക്കാണ് തെന്നിമാറിയത്. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി വിമാനാപകടം നടന്ന നേപ്പാളിൽ വ്യോമയാന സുരക്ഷാരേഖ പലപ്പോഴും പരിശോധനക്ക് വിധേയമായിട്ടുണ്ട്.
2023 ജനുവരിയിൽ യെതി എയർലൈൻസിന്റെ വിമാനം പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് 68 യാത്രക്കാരും 4 ജീവനക്കാരും മരിച്ചിരുന്നു. 2024 ജൂലൈയിൽ കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന സൗര്യ എയർലൈൻസിന്റെ വിമാനം തകർന്നുവീണ് 18 പേരും മരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

