വെടിയൊച്ചകൾ താൽക്കാലികമായി നിലച്ചതോടെ രക്ഷതേടിയിറങ്ങി യുക്രെയ്ൻ ജനത
text_fieldsകിയവ്: യുക്രെയ്നിൽ നിന്നും സാധാരണക്കാരുൾപ്പടെയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി റഷ്യ മാനുഷിക ഇടനാഴികൾ വാഗ്ദാനം ചെയ്തതോടെ രാജ്യം വിടുന്നവരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. കിയവിനു വടക്ക്-പടിഞ്ഞാറുള്ള ബുച്ച, ഇർപിൻ പ്രദേശങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. സ്ഫോടനത്തിൽ തകർക്കപ്പെട്ട പാലത്തിന്‍റെ സ്ഥാനത്ത് പലകകളുപയോഗിച്ച് താൽക്കാലിക പാലമുണ്ടാക്കി നിരവധിയാളുകൾ കടുത്ത തണുപ്പിനിടയിലും നദി മുറിച്ചു കടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വാർത്താ ഏജൻസിയായ എ.എഫ്.പി ട്വിറ്ററിൽ പങ്കുവെച്ചത്.
കടുത്ത തണുപ്പിനെ അവഗണിച്ച് സാധാരണക്കാർ കുട്ടികളും വളർത്തു മൃഗങ്ങളുമായി കുടുംബത്തോടൊപ്പം തകർക്കപ്പെട്ട പാലത്തിലൂടെ കാൽനടയായി നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.
അതിതീവ്രമായ ഷെല്ലാക്രമണവും, വ്യോമാക്രമണവും യുക്രെയ്നിൽ കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. യുക്രെയ്ൻ സേന റഷ്യൻ സേനയെ തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാതെ പ്രതിരോധിച്ചു നിന്നെങ്കിലും രാജ്യത്തിന്‍റെ കിഴക്കും വടക്കുമായി റഷ്യ ആക്രണം ശക്തമാക്കി.
ചൊവ്വാഴ്ച റഷ്യ മാനുഷിക ഇടനാഴികൾ തുറന്നതിനാൽ കിയവിൽ നിന്നും ചെർഹിവ്, സുമി, ഖാർകീവ്, മരിയുപോൾ എന്നീ നഗരങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

