ഇംറാൻ കൂടുതൽ കരുത്തനാകും
text_fieldsവെടിയേറ്റ ഇംറാൻ ഖാനെ സ്ഥലത്തുനിന്ന് മാറ്റുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയുടെ സ്ക്രീൻഷോട്ട്
ഇസ്‍ലാമാബാദ്: വധശ്രമത്തിൽനിന്ന് അൽപവ്യത്യാസത്തിൽ രക്ഷപ്പെട്ട മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പാക് രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനാകും. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കൂടുതൽ ജനപിന്തുണ ലഭിക്കാനും സഹതാപ തരംഗത്തിൽ തൂത്തുവാരാനും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മാസം എട്ടു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആറിടത്ത് മത്സരിച്ച ഇംറാൻ എല്ലാ സീറ്റിലും വിജയിച്ചിരുന്നു.
പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലോങ് മാർച്ചിന്റെ പ്രധാന ആവശ്യമാണ്. ലാഹോറിൽനിന്ന് ആരംഭിച്ച റാലി തലസ്ഥാനത്ത് എത്തുമ്പോൾ ബാക്കി കാര്യങ്ങൾ അപ്പോൾ പറയാമെന്ന ഇംറാന്റെ മുന്നറിയിപ്പിൽ കനത്ത സൂചനകൾ ഉണ്ടായിരുന്നു. റാലി പരാജയപ്പെടുത്താൻ സർക്കാർ സംവിധാനങ്ങൾ ആവത് ശ്രമിച്ചു. ലോങ് മാർച്ച് സംപ്രേഷണം ചെയ്യരുതെന്ന് അധികൃതർ ടെലിവിഷൻ ചാനലുകൾക്ക് മുന്നറിയിപ്പ് നൽകി. റാലിയിൽ പങ്കെടുക്കുന്നവർക്ക് മുറി അനുവദിക്കരുതെന്ന് ഹോട്ടലുകൾക്ക് പൊലീസ് നിർദേശമുണ്ടായി. വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് കുതിച്ചിരുന്ന ഇംറാൻ ഭരണകൂടത്തിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പലരീതിയിലും അധികൃതർ ഇംറാന്റെ വഴി തടസ്സപ്പെടുത്തി.
കോടതിയും തെരഞ്ഞെടുപ്പ് കമീഷനും സ്വീകരിച്ച നടപടികൾ സർക്കാറിന്റെ താൽപര്യത്തിന് വേണ്ടിയാണെന്നാണ് ഇംറാൻ അനുകൂലികൾ പറയുന്നത്. ഇപ്പോൾ നടന്ന വെടിവെപ്പിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളൂ. ആരുടെയും പ്രേരണമൂലമല്ല ഇംറാൻ ജനങ്ങളെ തെറ്റായ വഴിയിൽ നയിക്കുന്നതിനാലാണ് വധിക്കാൻ ശ്രമിച്ചതെന്നാണ് വെടിവെച്ചയാൾ പറഞ്ഞത്. 'ഇംറാൻ ഖാനെ മാത്രമാണ് ഞാൻ ലക്ഷ്യംവെച്ചത്.
മറ്റാരെയും ഉപദ്രവിക്കണമെന്നുണ്ടായിരുന്നില്ല. ലാഹോറിൽ റാലി തുടങ്ങിയതു മുതൽ ഇംറാനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്‍റെ പിന്നിൽ മറ്റാരും ഇല്ല. റാലി നടക്കുന്ന സ്ഥലത്തേക്ക് ബൈക്കിലാണ് വന്നത്' -കുറ്റസമ്മത വിഡിയോയിൽ ആക്രമി പറഞ്ഞു. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇംറാന്റെ അണികൾ ക്ഷുഭിതരാണ്. അവർ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങിയാൽ പാക് രാഷ്ട്രീയം കലുഷിതമാകും. കഴിഞ്ഞ ഏപ്രിലിലാണ് ഇംറാൻ ഖാൻ അവിശ്വാസത്തിലൂടെ ഭരണത്തിൽനിന്ന് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

