അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ റഷ്യൻ എണ്ണ സ്വീകരിച്ചത് പ്രശംസനീയമാണെന്ന് -ഇമ്രാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ വിലകുറച്ച് വാങ്ങിയതിന് ഇന്ത്യയെ പ്രശംസിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുതിയ പാകിസ്താൻ ഭരണകൂടം തലയറ്റ കോഴിയെപ്പോലെയാണ് സമ്പദ് വ്യവസ്ഥയെ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് എഴു രൂപയും സർക്കാർ കുറച്ചതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്‍റെ വിമർശനം.
"ക്വാഡ് അംഗമായിട്ട് പോലും ഇന്ത്യക്ക് യു.എസിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഇന്ത്യ വിലക്കിഴിവോടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുകയായിരുന്നു. അത് പ്രശംസനീയമാണ്. സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ നമ്മുടെ സർക്കാർ നേടിയെടുക്കാൻ ശ്രമിച്ചത് ഇതാണ്." -ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
പാകിസ്താൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം പാകിസ്താന്റെ താൽപ്പര്യം പരമോന്നതമായിരുന്നെന്നും നിർഭാഗ്യവശാൽ പ്രാദേശിക മിർ ജാഫറുകളും മിർ സാദിഖുകളും ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി ഭരണമാറ്റത്തിന് നിർബന്ധിതരാവുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.