ഇംറാൻ ഖാന് ആശ്വാസം; തോശാഖാന കേസിൽ തടവുശിക്ഷ മരവിപ്പിച്ചു; ഉടൻ ജയിൽ മോചിതനാകും
text_fieldsഇസ്‍ലാമാബാദ്: തോശാഖാന അഴിമതിക്കേസിൽ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന് ആശ്വാസം. മൂന്നു വർഷത്തെ തടവുശിക്ഷ ഇസ്‍ലാമാബാദ് ഹൈകോടതി റദ്ദാക്കി.
ഇംറാൻ ഖാന് ഉടൻ ജയിൽ മോചിതനാകും. തന്നെ ശിക്ഷിച്ച കോടതിവിധി റദ്ദാക്കണമെന്ന ഇംറാന്‍റെ ഹരജി ഹൈകോടതി അംഗീകരിച്ചു. ജയിലിൽ മോചിതനാക്കാനും ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റിസ് താരീഖ് മഹ്മൂദ് ജഹാംഗീരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആഗസ്റ്റ് അഞ്ചിനാണ് വിചാരണ കോടതി ഇംറാനെ മൂന്നു വർഷം തടവിന് ശിക്ഷിച്ചത്.
അഞ്ചു വർഷത്തേക്ക് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും കോടതി വിലക്കിയിരുന്നു. ജില്ല കോടതി വിധി ഇസ്‍ലാമാബാദ് ഹൈകോടതി റദ്ദാക്കിയതായി പാകിസ്താൻ തെഹ് രീകെ ഇൻസാഫ് വാട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചു. കോടതി വിധിയുടെ പകർപ്പ് ഉടൻ ലഭ്യമാക്കുമെന്നും ഇംറാന്‍റെ ആവശ്യം അംഗീകരിച്ചെന്ന കാര്യം മാത്രമാണ് ഇപ്പോൾ പറയുന്നതെന്നും ജസ്റ്റീസ് ഫാറൂഖ് വ്യക്തമാക്കി.
‘ചീഫ് ജസ്റ്റിസ് ഞങ്ങളുടെ അഭ്യർഥന അംഗീകരിച്ചു, ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു, വിധിയുടെ വിശദാംശങ്ങൾ പിന്നീട് നൽകാമെന്ന് പറഞ്ഞു’ -ഇംറാന്‍റെ അഭിഭാഷകൻ നഈം ഹൈദർ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. തിങ്കളാഴ്ച ഹരജിയിൽ വാദം പൂർത്തിയാക്കിയ കോടതി, വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസിന്റെ നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയതായി കഴിഞ്ഞയാഴ്ച പാക് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇംറാന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ഇംറാൻ അനുകൂലികൾ. ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച സമ്മാനങ്ങളുടെ വിവരങ്ങൾ മറച്ചുവെച്ചെന്നും വിൽപന നടത്തിയെന്നുമാണ് ഇംറാനെതിരായ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

