ഇംറാൻ ഖാന്റെ അറസ്റ്റ് വിവിധ കേസുകളിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ
text_fieldsഇസ്ലാമാബാദ്: ഇസ്ലാമാബാദ് ഹൈകോടതി വളപ്പിൽ ഇംറാൻ ഖാൻ അറസ്റ്റിലാകുന്നത് വിവിധ കേസുകളിൽ ഇടക്കാല ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ. പാക് തീവ്രവാദ വിരുദ്ധ കോടതിയാണ് മാർച്ച് 18ന് ഇസ്ലാമാബാദിലെ ഫെഡറൽ കോടതി സമുച്ചയത്തിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട ഏഴു കേസുകളിൽ ജാമ്യം അനുവദിച്ചിരുന്നത്. അരലക്ഷം രൂപയുടെ ബോണ്ടിനായിരുന്നു ജാമ്യം.
എന്നാൽ, ഇതിന്റെ ആഘോഷം തുടങ്ങുംമുമ്പ് തലസ്ഥാന നഗരത്തിലെ ഹൈകോടതി വളപ്പിൽ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സ് ഇംറാനെ കസ്റ്റഡിയിലെടുത്തു. അഴിമതി കേസിൽ വിചാരണക്കും മറ്റൊരു കേസിൽ ഇടക്കാല ജാമ്യം തേടിയും കോടതിയിലെത്തിയ 70കാരൻ പുറത്തിറങ്ങാൻ കാത്തുനിന്ന നിരവധി അർധസൈനികർ ചേർന്ന് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തനിക്കെതിരെ നടന്ന വധശ്രമത്തിനു പിന്നിൽ സൈന്യമാണെന്നു വിമർശിച്ച് പിറ്റേ ദിവസമായിരുന്നു അറസ്റ്റ്. കഴിഞ്ഞ വർഷം ഏപ്രിലിൽ അധികാരത്തിൽനിന്ന് പുറത്തായതിനു ശേഷം ഇതുവരെയായി 140ലേറെ കേസുകളാണ് ഇംറാനെതിരെ ചുമത്തിയിട്ടുള്ളത്. മതനിന്ദ, കൊലപാതകം, അക്രമം, അതിക്രമത്തിന് പ്രേരണ നൽകൽ തുടങ്ങിയവയടക്കം ആരോപണങ്ങളാണുള്ളത്. എല്ലാ കേസുകളും വ്യാജമാണെന്നും ചൈന, റഷ്യ, അഫ്ഗാൻ രാജ്യങ്ങളോടുള്ള സമീപനത്തിന്റെ പേരിൽ അമേരിക്കൻ ഗൂഢാലോചനയുടെ തുടർച്ചയാണിതെന്നും ഇംറാൻ ആരോപിക്കുന്നു.
മുൻ പ്രധാനമന്ത്രിമാരുടെ അറസ്റ്റ് പതിവ്
ഹുസൈൻ ശഹീദ് സുഹ്റവർധി: 1962: അയ്യൂബ്ഖാന്റെ പട്ടാള അട്ടിമറി എതിർത്തതിന് അറസ്റ്റ്.
സുൽഫിക്കർ അലി ഭുട്ടോ: 1977: വധഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ്. കോടതി മോചിപ്പിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം വീണ്ടും അറസ്റ്റിലായി. 1979ൽ തൂക്കിലേറ്റി.
ബേനസീർ ഭൂട്ടോ: 1985: ജനറൽ സിയാഉൽഹഖിന്റെ പട്ടാളഭരണകൂടം അറസ്റ്റ് ചെയ്ത് 90 ദിവസം വീട്ടുതടങ്കൽ. പിന്നീടും വീട്ടുതടങ്കലും നിരവധി തവണ അറസ്റ്റ് വാറന്റുകളും.
നവാസ് ശരീഫ്: 2007, 2018: പ്രവാസ ജീവിതത്തിനുശേഷം പാകിസ്താനിൽ തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത് നാടുകടത്തി. തിരിച്ചെത്തിയശേഷം വീണ്ടും ജയിലിൽ അടച്ചു.
ഷാഹിദ് അബ്ബാസി: 2019 അഴിമതി ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. 2020ൽ ജാമ്യം.
ഷഹബാസ് ശരീഫ്: 2020: കള്ളപ്പണക്കേസിൽ ജയിലിൽ. ഏഴു മാസത്തിനുശേഷം മോചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

