സമരം അവസാനിപ്പിച്ച് ഇംറാൻ ഖാൻ; ആറ് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ ശഹ്ബാസ് ശരീഫ് സർക്കാരിനെതിരെ ഇന്നലെ ഇംറാൻ ഖാന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ സർക്കാരിന് മുന്നറിയിപ്പുമായി ഇംറാൻ ഖാൻ. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് ഇംറാൻ ഖാൻ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ മാർച്ചിന് മുന്നോടിയായി പ്രതിഷേധക്കാരെ തടയുന്നതിന് ഇസ്ലാമാബാദിലേക്കുള്ള എല്ലാ പ്രധാന റോഡുകളും സർക്കാർ നിർദേശ പ്രകാരം പൊലീസ് ഉപരോധിച്ചിരുന്നു. എന്നാൽ മാർച്ച് നടത്താൻ പാക് സുപ്രീം കോടതി ഇംറാൻ ഖാന് അനുമതി നൽകിയതോടെ ആയിരക്കണക്കിന് പി.ടി.ഐ പ്രവർത്തകർ തലസ്ഥാന നഗരത്തിൽ ഒത്തുകൂടി.
ആറ് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. അസംബ്ലികൾ പിരിച്ച് വിട്ട് ജൂണിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് വലിയ ജനക്കൂട്ടത്തിന് മുന്നിൽ അദ്ദേഹം സർക്കാരിനോട് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പുതിയ റാലികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ശേഷം കൂടി നിന്ന ജനങ്ങളോട് പിരിഞ്ഞ് പോകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ച് ഇസ്ലാമാബാദിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ആളുകൾ നീക്കം ചെയ്തത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിന് കാരണമായി. പി.ടി.ഐ പ്രവർത്തകർ മെട്രോ സ്റ്റേഷനുകളിലുൾപ്പടെ തീവെച്ചു.
ഇംറാനെതിരായ കോടതിയലക്ഷ്യം റദ്ദാക്കി
ഇസ്ലാമാബാദ്: പ്രതിഷേധറാലി നടത്തിയതിന്റെ പേരിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്തിയാൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാണ് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവായ ഇംറാൻ റാലി നടത്തിയതെന്നു കാണിച്ച് സർക്കാറിനുവേണ്ടി അറ്റോണി ജനറൽ അഷ്തർ ഔസാഫ് സമർപ്പിച്ച ഹരജി ബെഞ്ച് തള്ളി.
രാജ്യ തലസ്ഥാനത്ത് പ്രതിഷേധ മാർച്ച് നടത്താൻ ഇംറാന് പാക് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. പിന്നാലെ സമാധാനപരമായി പ്രതിഷേധ റാലി നടത്തുന്നതിന് ഡി-ചൗക്കിൽ ഒത്തുചേരാൻ അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. ഇതോടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ സ്ഥലത്ത് തടിച്ചുകൂടി ബാരിക്കേഡുകൾ നീക്കാൻ തുടങ്ങി. ഇത് പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. തലസ്ഥാന നഗരത്തിലെ എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിലാണ് റാലി നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ ഡി-ചൗക്കിൽ റാലി നടത്താനുള്ള ഖാന്‍റെ തീരുമാനം ഉത്തരവിന്റെ ലംഘനമാണെന്നും ഭരണകക്ഷി ആരോപിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് ഇംറാൻ മുന്നറിയിപ്പു നൽകി. പാകിസ്താനിൽ എപ്പോൾ തെരഞ്ഞെടുപ്പ് നടത്തണമെന്നതിനെ കുറിച്ച് സർക്കാർ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് പ്രതികരിച്ചു.