മുൻകൂർ ജാമ്യം അവസാനിക്കുന്നതിന് മുമ്പ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് പാക് ആഭ്യന്തര മന്ത്രി
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ മുൻകൂർ ജാമ്യം അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല. കലാപം, രാജ്യദ്രോഹം, അരാജകത്വം, ഫെഡറേഷനുനേരെയുള്ള സായുധ ആക്രമണം എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇംറാൻ ഖാനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് റാണ പറഞ്ഞു.
എതിരാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച് കലാപത്തിനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ധാർമ്മികവും ജനാധിപത്യപരവുമായ മൂല്യങ്ങൾ പൂർണമായി അവഗണിക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെ ഒരു ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ പാർട്ടിയുടെ തലവനാകാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
50,000 രൂപയുടെ ബോണ്ടിൽ ജൂൺ 2 ന് പെഷവാർ ഹൈകോടതി ഇംറാൻ ഖാന് മൂന്നാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇംറാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ ബുഷ്‌റ ബീബിയും അവരുടെ സുഹൃത്ത് ഫറാ ഗോഗിയും ചേർന്ന് കോടികൾ സമ്പാദിച്ചതായി പാകിസ്താൻ മുസ്ലിം ലീഗ് (എൻ) ആരോപിച്ചിരുന്നു.