ഇംറാൻ ഖാനെയും ഭാര്യയെയും ഏകാന്ത തടങ്കലിൽ പാർപ്പിക്കരുത്; ജയിൽ അധികൃതർക്ക് പാക് ഹൈകോടതിയുടെ നിർദേശം
text_fieldsഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെയും ഭാര്യ ബുഷ്‌റ ബീബിയെയും ഏകാന്ത തടങ്കലിൽ പാർപ്പിക്കരുതെന്ന് ഇസ്‌ലാമാബാദ് ഹൈകോടതി ജയിൽ അധികൃതർക്ക് നിർദേശം നൽകി. അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ ദീർഘകാല തടവുശിക്ഷ അനുഭവിക്കുന്ന ഇരുവരും നിലവിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. ഇരുവരും ഏകാന്ത തടങ്കലിലാണെന്നാരോപിച്ച് സമർപ്പിച്ച ഹരജികൾ പരിഗണിക്കാവുന്നതാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഖാദിം ഹുസൈൻ സൂംറോയാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്.
ജയിൽ ചട്ടങ്ങൾ അനുവദിക്കുന്ന വിധത്തിൽ ഇംറാൻ ഖാനെ കുടുംബാംഗങ്ങൾ സന്ദർശിക്കാൻ അവസരം നൽകണമെന്നും മക്കളുമായി ടെലിഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു. ഇംറാന് ദിവസവും പത്രങ്ങളും പുസ്തകങ്ങളും ലഭ്യമാക്കണം. ജയിൽ ചട്ടങ്ങൾ പ്രകാരമുള്ള ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ഹൈകോടതി വ്യക്തമാക്കി. കോടതി നിർദേശങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം അഡിയാല ജയിൽ സൂപ്രണ്ടിനാണെന്നും 15 ദിവസത്തിനകം അനുസരണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇംറാൻ ഖാന്റെ സഹോദരി ഹലീമ ഖാനും ബുഷ്‌റ ബീബിയുടെ മകൾ മുബഷ്‌റ ഖാവർ മനേക്കയും പ്രത്യേകം സമർപ്പിച്ച ഹരജികളിലാണ് വിധി. ഇരുവരെയും നിയമവിരുദ്ധമായി ഏകാന്ത തടങ്കലിൽ പാർപ്പിക്കുന്നുവെന്നായിരുന്നു ഹരജികളിലെ ആരോപണം. 73കാരനായ ഇംറാൻ ഖാൻ 2023 ആഗസ്റ്റ് മുതൽ ജയിലിലാണ്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2024 ജനുവരി 31നാണ് ബുഷ്‌റ ബീബി ആദ്യം ജയിലിലായത്. അതേസമയം, ഇംറാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹരജി നേരത്തേ പരിഗണിക്കണമെന്ന സഹോദരി ഉസ്മ ഖാന്റെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

