അസീം മുനീറിന്റെ നയങ്ങൾ രാജ്യത്തിന് വിനാശകരം -ആഞ്ഞടിച്ച് ഇംറാൻ ഖാൻ
text_fieldsലാഹോർ: പാകിസ്താൻ സൈനിക മേധാവി അസീം മുനീറിനെതിരെ കടുത്ത വിമർശനവുമായി ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. അഫ്ഗാനിസ്താനുമായുള്ള ബന്ധം വഷളാക്കുന്നതിന് കരുതിക്കൂട്ടി ശ്രമം നടത്തുന്ന മുനീറിന്റെ നയങ്ങൾ രാജ്യത്തിന് വിനാശകരമാണെന്ന് എക്സ് പോസ്റ്റിൽ ഇംറാൻ കുറ്റപ്പെടുത്തി.
മുനീറിന്റെ നയങ്ങൾ രാജ്യത്ത് ഭരണഘടനയുടെയും നിയമവാഴ്ചയുടെയും തകർച്ചക്ക് കാരണമായി. തന്നെയും ഭാര്യയെയും അന്യായമായി തടവിലിട്ട മുനീർ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ വഴിയും അടച്ചിരിക്കുകയാണെന്നും ഇംറാൻ പറഞ്ഞു.
2023 ആഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ ആദിയാല ജയിലിൽ കഴിയുന്ന 73കാരനായ ഇംറാൻഖാന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് സഹോദരിമാരായ ഡോ. ഉസ്മ ഖാനും അലീമ ഖാനും രംഗത്തെത്തിയിരുന്നു. ഇംറാനെ കാണാൻ അധികൃതർ അനുവദിക്കില്ലെന്നാരോപിച്ച ഇവർ സഹോദരൻ ജീവിച്ചിരിപ്പുണ്ടോ എന്നതിൽ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ കഴിഞ്ഞദിവസം ഇംറാനെ കാണാൻ ഉസ്മ ഖാന് അനുവാദം ലഭിച്ചു. ഈ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇംറാന്റെ എക്സ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
അസീം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു -ഇംറാന്റെ സഹോദരി
കറാച്ചി: പാകിസ്താൻ സൈനിക മേധാവി അസീം മുനീർ യാഥാസ്ഥിതിക ചിന്താഗതിയുള്ളയാളും തീവ്ര മതവാദിയും ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നയാളുമാണെന്ന് ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ സഹോദരി അലീമ ഖാൻ. മിതവാദിയായ ഇംറാൻ ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കാൻ ശ്രമിക്കുന്ന നേതാവാണെന്നും അലീമ അവകാശപ്പെട്ടു. ‘ഇംറാൻ അധികാരത്തിൽ എത്തിയപ്പോൾ ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ശ്രമിച്ചത്. ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിലുള്ളപ്പോൾ പോലും സൗഹൃദത്തിനായിരുന്നു ഇംറാന്റെ ശ്രമം. എന്നാൽ, അസീം മുനീറിന്റെ കാര്യം അങ്ങനെയല്ല. ഇന്ത്യയുമായി മാത്രമല്ല, അവരുടെ സഖ്യരാജ്യങ്ങളുമായും അയാൾ പ്രശ്നങ്ങളുണ്ടാക്കുകയാണ്’ -സ്കൈ ന്യൂസിലെ ‘ദ വേൾഡ് വിത്ത് യൽദ ഹകീം’ പരിപാടിയിൽ അലീമ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

