പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ മിനി ട്രംപ് ആണെന്ന് മുൻ ഭാര്യ റെഹം ഖാൻ
text_fieldsപാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി മുൻ ഭാര്യ റെഹം ഖാൻ ഇടക്കിടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പാകിസ്താനിൽ രാഷ്ട്രീയ സ്ഥിതിഗതികൾ ഇംറാൻ ഖാന് എതിരായതിനെ തുടർന്ന് റെഹം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇംറാൻ ഖാൻ മിനി ട്രംപ് ആണെനാണ് റെഹത്തിന്റെ പുതിയ ആരോപണം.
ട്രംപിനെ പോലെ വിദ്വേഷ പരാമർശങ്ങൾ ഇംറാൻ ഖാൻ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തെ ട്വിറ്ററിൽ നിന്നും പുറത്താക്കണമെന്നും റെഹം ഖാൻ ആവശ്യപ്പെട്ടു. ഞായറാഴ്ച പാർലമെന്റിൽ പ്രധാനമന്ത്രി വിശ്വാസ വോട്ട് തേടുന്നതിനിടെയായിരുന്നു മുൻഭാര്യയുടെ ട്വീറ്റ്.
2021ൽ യു. എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്വിറ്റർ വിലക്കേർപ്പെടുത്തുകയും പുറത്താക്കുകയും ചെയ്തിരുന്നു. നവജ്യോത് സിങ് സിദ്ധുവിന് ഒപ്പമുള്ള ഇംറാന്റെ ചിത്രവും റെഹം ഖാന്‍ പങ്കുവച്ചു. മുൻ ക്രിക്കറ്റ് താരങ്ങളായ ഇരുവരും ഭാവി പദ്ധതികൾ ചർച്ച ചെയ്യുന്നു എന്ന് പരിഹസിച്ചാണ് ചിത്രം പങ്കുവച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ സിദ്ധു പരാജയപ്പെട്ടതിനു സമാനമായ അനുഭവമാണ് ഇംറാൻഖാനും ഉണ്ടാകാൻ പോകുന്നതെന്നും റെഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയും ഇംറാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി റെഹം രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

