Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴ് മാസത്തിന് ശേഷം അഭിഭാഷകരെ കണ്ട് ഇമ്രാൻ ഖാൻ; കൂടിക്കാഴ്ച അഡിയാല ജയിലിൽ

text_fields
bookmark_border
Imran khan pakistan
cancel
camera_alt

ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹരീക്ക്-ഇ-ഇൻസാഫ് (പി.ടി.ഐ) സ്ഥാപകനുമായ ഇമ്രാൻ ഖാൻ, ഏഴ് മാസത്തെ ഇടവേളക്കുശേഷം റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ വെച്ച് തന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ബീബിയും പങ്കെടുത്തു.11 മാസത്തെ ഇടവേളക്കുശേഷമാണ് ബുഷ്റ അഭിഭാഷകനെ കണ്ടത്.

ഇരുവരെയും പ്രതിനിധീകരിക്കുന്ന ബാരിസ്റ്റർ സൽമാൻ സഫ്ദർ എക്‌സിലെ പോസ്റ്റിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തുടർച്ചയായ അപേക്ഷകൾക്കും അഭ്യർഥനകൾക്കും പിന്നാലെ വൈകിട്ട് 4.30ഓടെ ജയിൽ അധികൃതർ കൂടിക്കാഴ്ചക്ക് അനുമതി നൽകിയെന്നും അദ്ദേഹം അറിയിച്ചു.

ദമ്പതികൾക്കെതിരായ എല്ലാ കേസുകളെയും മറ്റ് നിയമപരമായ വിഷയങ്ങളെയും കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ ഈ സമയം മതിയായിരുന്നില്ലെന്ന് സൽമാൻ സഫ്ദർ ഉന്നയിച്ചു. എന്നിരുന്നാലും, ഇമ്രാൻ ഖാനും ബുഷ്റ ബീബിയും ജയിലിനുള്ളിലെ തങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു. കൂടാതെ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചില നിയമനടപടികളുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങളും അവർ അഭിഭാഷകന് നൽകി.

ജയിലിൽ കഴിയുന്ന തങ്ങളുടെ പാർട്ടി സ്ഥാപകനായ ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് പി.ടി.ഐ നേതൃത്വത്തിനിടയിൽ ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച.

ഇമ്രാൻ ഖാനെ കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും മറ്റ് അടുത്ത സഹപ്രവർത്തകർക്കും ആഴ്ചയിൽ രണ്ടുതവണ സന്ദർശിക്കാൻ അനുമതി നൽകിക്കൊണ്ട് ഇസ്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം കൂടിക്കാഴ്ചകൾക്ക് നിയന്ത്രണങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ.

ഇമ്രാൻ ഖാന്റെ ആരോഗ്യനില പി.ടി.ഐ യും പാകിസ്ഥാൻ സർക്കാരും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിലൊന്നാണ്. ഈ വർഷം ആദ്യം, കാഴ്ചശക്തിയെ ബാധിക്കുന്ന റൈറ്റ് സെൻട്രൽ റെറ്റിനൽ വെയിൻ ഒക്ലൂഷൻ എന്ന നേത്രരോഗം ഇമ്രാൻ ഖാനെ ബാധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു. തുടർന്ന് ഇസ്‌ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അദ്ദേഹത്തിന് ചികിത്സയും നൽകി.

ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നും അദ്ദേഹത്തിന്റെ സ്വന്തം ഡോക്ടർമാരെ കാണാൻ അനുവദിക്കണമെന്നും മതിയായ ചികിത്സ ഉറപ്പാക്കണമെന്നും കുടുംബാംഗങ്ങളും പി.ടി.ഐ നേതാക്കളും നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.

ഏറ്റവും ഒടുവിൽ നടന്ന കൂടിക്കാഴ്ചയിലൂടെ ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അഭിഭാഷകനോട് നേരിട്ട് വിവരങ്ങൾ പങ്കുവെക്കാൻ അവസരം ലഭിച്ചുവെങ്കിലും, ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും സഫ്ദർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

2023 ആ​ഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസ്, തോഷഖാന കേസ്, 2023 മേയ് 9-ലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങി നിരവധി നിയമനടപടികൾ നേരിടുന്നുണ്ട്.

കൂടിക്കാഴ്ചയിൽ രാഷ്ട്രീയ വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നും നിയമപരമായ കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നുംപി.ടി.ഐ നേതാവ് ഷെയ്ഖ് വഖാസ് അക്രം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Imran Khan Meets Lawyers After Seven Months at Adiala Jail
Next Story