വധശ്രമത്തിനു പിന്നിൽ പാക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സൈനിക ഉദ്യോഗസ്ഥനും -ആരോപണത്തിൽ ഉറച്ച് ഇംറാൻ ഖാൻ
text_fieldsഇസ്‍ലാമാബാദ്: തനിക്കെതിരെയുണ്ടായ വധശ്രമത്തിനു പിന്നിൽ പാകിസ്താൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുതിർന്ന സൈനിക ഓഫിസറുമാണെന്ന ആരോപണത്തിൽ ഉറച്ച് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇവരുടെ പേരുകൾ പരാതിയിൽ നിന്ന് പിൻവലിക്കാനും ഇംറാൻ തയാറായില്ല.
പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ആഭ്യന്തര മന്ത്രി റാണ സനാവുല്ല, മേജർ ജനറൽ ഫൈസൽ നസീർ എന്നിവരാണ് വധഗൂഢാലോചനക്ക് പിന്നിലെന്നാണ് ഇംറാൻ ആരോപിച്ചത്. പഞ്ചാബ് മുൻ ഗവർണർ സൽമാൻ തസീറിനെ വധിച്ചതുപോലെയാണ് തന്നെ വധിക്കാൻ പദ്ധതി തയാറാക്കിയതെന്നും ഇംറാൻ അവകാശപ്പെട്ടിരുന്നു. അതേസമയം, മുൻ പാക് പ്രധാനമന്ത്രിക്കെതിരായ വധശ്രമത്തിൽ മറ്റുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇംറാന് വെടിയേറ്റത്. മാർച്ച് ഗുജറൻവാല ഡിവിഷനിലെ വസീറാബാദ് സിറ്റിയിൽ സഫർ അലി ഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളിൽ കയറി മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാൻ. വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമിയെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

