ഇംറാൻ ഖാനെതിരായ അറസ്റ്റ് നീക്കം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പി.ടി.ഐ
text_fieldsഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്ന റിപ്പോർട്ടുകൾക്കൊടുവിൽ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ്. മുൻകൂർ ജാമ്യം തേടി അദ്ദേഹത്തിന്റെ അഭിഭാഷക സംഘം ഇന്ന് കോടതിയെ സമീപിക്കും.
വനിത അഡീഷണൽ സെഷൻസ് ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തി എന്ന് ഇസ്ലാമാബാദ് സദ്ദാർ മജിസ്‌ട്രേറ്റ് അലി ജാവേദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇംറാൻ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുത്തത്. അറസ്റ്റിനെതിരെ പ്രതിഷേധിക്കാനുള്ള ആഹ്വാനത്തിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ നിരവധി പി.ടി.ഐ പ്രവർത്തകരാണ് ഇംറാൻ ഖാന്‍റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയത്.
കഴിഞ്ഞ ശനിയാഴ്ച ഇസ്ലാമാബാദിൽ നടന്ന റാലിക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് തീവ്രവാദ വിരുദ്ധ നിയമ പ്രകാരം ഇംറാൻ ഖാനെതിരെ കേസെടുത്തത്. അദ്ദേഹത്തിന്‍റെ അടുത്ത സഹായി ഷഹബാസ് ഗില്ലിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തെന്നാരോപിച്ച് ഇസ്ലാമാബാദിലെ പൊലീസ് മേധാവിക്കും വനിതാ ജഡ്ജിക്കുമെതിരെ ഇംറാൻ ഖാൻ ഭീഷണി മുഴക്കിയിരുന്നു. റാലിയിലെ പ്രസ്താവനക്ക് പിന്നാലെ ശനിയായഴ്ച രാത്രി പത്ത് മണിയോടെയാണ് മാർഗല്ല പൊലീസ് സ്റ്റേഷനിൽ ഖാനെതിരെ എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തത്.
എല്ലാ പ്രവർത്തകരും പ്രതിഷേധ ആഹ്വാനത്തിനായി കാത്തിരിക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പി.ടി.ഐ വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് ഇംറാൻ ഖാന്‍റെ ബനി ഗാല വസതിയിലേക്ക് പോകുന്ന വഴികൾ പൊലീസ് തടയുകയും അതുവഴിയുള്ള അവശ്യ യാത്രകൾ നിരോധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

