ഒരു മണിക്കൂറിനകം അൽ ശിഫ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേൽ; രോഗികളെ മാറ്റാൻ ആംബുലൻസ് പോലുമില്ലെന്ന് ആരോഗ്യപ്രവർത്തകർ
text_fieldsഗസ്സ: ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം 7000ത്തോളം പേർ കഴിയുന്ന അൽ ശിഫ ആശുപത്രി ഒരു മണിക്കൂറിനകം ഒഴിയണമെന്ന് ഇസ്രായേൽ ഭീഷണി. അൽ ശിഫ ആശുപത്രിക്കുള്ളിലെ ഡോക്ടർ ന്യൂസ് ചാനലായ അൽ ജസീറയെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഒരു മണിക്കൂർ കൊണ്ട് ആശുപത്രി പൂർണമായും ഒഴിപ്പിക്കാൻ കഴിയില്ലെന്നും രോഗികളെ മാറ്റാൻ ആംബുലൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആശുപത്രിയിലില്ലെന്നും ഡോക്ടർ അറിയിച്ചു.
അൽ-റാഷിദ് സ്ട്രീറ്റിലൂടെ ആളുകൾ ഒഴിഞ്ഞ് പോകണമെന്നാണ് അന്ത്യശാസനം.ഗസ്സയിലെ തെക്കൻ ഭാഗങ്ങളിലേക്ക് പോകാൻ ഫലസ്തീനികൾ സാധാരണയായി ഉപയോഗിക്കുന്ന പാതയല്ല ഇത്. സലാഹുദ്ദീൻ സ്ട്രീറ്റ് വഴിയാണ് ഫലസ്തീനികൾ തെക്കൻ ഗസ്സയിലേക്ക് പോവുന്നത്.
അതേസമയം ഗസ്സക്ക് പ്രതിദിനം 1,40,000 ലിറ്റർ ഇന്ധനം നൽകാൻ ഇസ്രായേൽ യുദ്ധകാബിനറ്റ് തീരുമാനിച്ചു. യു.എസ് സമ്മർദത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. യു.എൻ വാഹനങ്ങൾക്കാവും ഇസ്രായേൽ ഇന്ധനം നൽകുക. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഉൾപ്പടെ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്.
മാസം തികയാതെ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന നാലുകുഞ്ഞുങ്ങൾ ഉൾപ്പെടെ 40 രോഗികൾ അൽശിഫ ആശുപത്രിയിൽ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച ആശുപത്രി വളഞ്ഞ ഇസ്രായേൽ അധിനിവേശ സൈന്യം മെഡിക്കൽ സൗകര്യങ്ങൾ തകർക്കുകയും ഇന്ധനം തീർന്നതിനാൽ വൈദ്യുതി മുടങ്ങുകയും ചെയ്തതിനെ തുടർന്നാണ് രോഗികൾ കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച മുതൽ ഇസ്രായേൽ സൈന്യം അൽശിഫയിൽ അതിക്രമിച്ചു കയറി വ്യാപകനശീകരണം തുടരുകയാണ്. നവംബർ 11 മുതൽ ഇവിടെചികിത്സ കിട്ടാതെ കൊല്ലപ്പെട്ടവരുടെ എണ്ണമാണിതെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ അറിയിച്ചതായി യുഎൻ റിപ്പോർട്ട് ചെയ്യുന്നു.
ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ബാക്കിയുള്ള രോഗികൾ കടുത്ത ആരോഗ്യപ്രശ്നം നേരിടുകയാണ്. രോഗികളും അഭയാർഥികളുമടക്കം 7000ത്തോളം പേർ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ ഗസ്സയിലേക്ക് ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ഏജൻസികളുടെ സഹായ വിതരണവും മുടങ്ങി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

