അനധികൃത റെയ്ഡ്: അറസ്റ്റ് ഭയന്ന് ശ്രീലങ്കൻ പൊലീസ് മേധാവി ഒളിവിൽ
text_fieldsകൊളംബോ: അറസ്റ്റ് വാറന്റിന് പിന്നാലെ ഒളിച്ചോടിയ ശ്രീലങ്കൻ പൊലീസ് മേധാവിക്കു വേണ്ടി രാജ്യവ്യാപക തിരച്ചിൽ. സസ്പെൻഷനിലുള്ള പൊലീസ് ഐ.ജി ദേശബന്ധു ടെന്നകൂണിനെ കണ്ടെത്താനാണ് തിരച്ചിൽ നടത്തുന്നത്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് വക്താവ് ബുദ്ധിക മനതുംങ്ക അറിയിച്ചു. ഒളിവിൽ താമസിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെന്നകൂൺ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
2023ൽ തലസ്ഥാനമായ കൊളംബോയിൽനിന്ന് 150 കിലോമീറ്റർ അകലെ വെലിഗാമയിലുള്ള ഹോട്ടലിൽ റെയ്ഡ് നടത്താൻ നിയമവിരുദ്ധമായി ഉത്തരവിട്ട കേസിൽ പ്രതിയാണ് ടെന്നകൂൺ. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ മതാര ടൗണിലെ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ആഴ്ചയാണ് ഉത്തരവിട്ടത്.
രഹസ്യ റെയ്ഡിനെക്കുറിച്ച് അറിയാതെ കൊളംബോ ക്രൈം ഡിവിഷൻ ഉദ്യോഗസ്ഥരുമായി വെലിഗാമ പൊലീസ് യൂനിറ്റ് ഏറ്റുമുട്ടുകയും വെടിവെപ്പിൽ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധ ലഹരി മരുന്നുകൾക്ക് വേണ്ടി നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

