ഇൽഹാൻ ഒമറിനുനേരെ മിനിയപോളിസിൽ ആക്രമണം
text_fieldsമിന്നസോട്ട: കുടിയേറ്റക്കാരെ നേരിടുന്നതിനുള്ള നടപടികൾ കടുക്കുന്ന മിന്നസോട്ടയിൽ ജനപ്രതിനിധി ഇൽഹാൻ ഒമറിനുനേരെ ആക്രമണം. മിനിയപോളിസ് ടൗൺ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടെ ആക്രമി ഒമറിനുനേരെ പാഞ്ഞടുക്കുകയും എന്തോ ഒരു വസ്തു അവർക്കുനേരെ സ്പ്രേ ചെയ്യുകയുമായിരുന്നു. ഇതിനിടെ സുരക്ഷ ഭടന്മാർ ആക്രമിയെ കീഴടക്കി. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം ഇൽ ഹാൻ ഒമറിന് പരിക്കുകളേറ്റിട്ടില്ല. എന്നാൽ എന്തു തരം വസ്തുവാണ് സ്പ്രേ ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
അക്രമിയെ പൊലീസ് കീഴടക്കിയത് ഹാളിൽ പരിപാടിക്കായി എത്തിയവർ കരഘോഷത്തോടെയാണ് ആഘോഷിച്ചത്. ട്രംപ് സർക്കാറിന്റെ വിമർശകരിൽ പ്രമുഖയാണ് ഇൽഹാൻ ഒമർ.
മിന്നസോട്ടയിൽ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികളെ നിരന്തരം പ്രതിരോധിക്കുന്ന വ്യക്തികൂടിയാണ് ഇവർ. ആക്രമണത്തിനു മുമ്പ് യു.എസ്. എമിഗ്രേഷൻ ആൻഡ് കസ്റ്റംസ്‍ എൻഫോഴ്സ്മെന്റ് ഏജൻസിയെ വിലക്കണമെന്നും ഹോംലാൻഡ് സെക്രട്ടറി ക്രിസ്റ്റി നോം രാജി വെക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
അമേരിക്കൻ കോൺഗ്രസിലെ ആദ്യത്തെ സോമാലി വംശജയും പുറത്തുനിന്ന് വന്ന് പൗരത്വം നേടിയ വ്യക്തി എന്നീ നിലകളിലും പ്രശസ്തയാണ് ഇൽഹാൻ ഉമർ.
മിന്നസോട്ടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വെള്ളക്കാരല്ലാത്ത വനിതകൂടിയാണ് ഇവർ. കോൺഗ്രസിലെത്തുന്ന ആദ്യ രണ്ട് മുസ്‌ലിം വനിതകളിൽ ഒരാളാണ് ഇവർ. ട്രംപ് സർക്കാറിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ തുറന്നെതിർക്കുന്ന വ്യക്തിയാണ്. അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയെന്ന് ട്രംപ് ഇവരെ വിശേഷിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

