Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'എന്റെ പ്രിയപ്പെട്ട...

'എന്റെ പ്രിയപ്പെട്ട ഉമ്മയെ നിങ്ങളെ ഏൽപ്പിക്കുന്നു, എന്റെ കണ്ണിലെ കൃഷ്ണമണി.. പ്രിയപ്പെട്ട മകൾ ഷാമിനെ, മകനെ, ജീവിതസഖിയെ.., ഇതാണ് എന്റെ അവസാന ഒസ്യത്തും സന്ദേശവും'; ഇസ്രായേൽ കൊലപ്പെടുത്തിയ അൽ ജസീറ റിപ്പോർട്ടറുടെ അവസാന വാക്കുകൾ

text_fields
bookmark_border
എന്റെ പ്രിയപ്പെട്ട ഉമ്മയെ നിങ്ങളെ ഏൽപ്പിക്കുന്നു, എന്റെ കണ്ണിലെ കൃഷ്ണമണി.. പ്രിയപ്പെട്ട മകൾ ഷാമിനെ, മകനെ, ജീവിതസഖിയെ.., ഇതാണ് എന്റെ അവസാന ഒസ്യത്തും സന്ദേശവും; ഇസ്രായേൽ കൊലപ്പെടുത്തിയ അൽ ജസീറ റിപ്പോർട്ടറുടെ  അവസാന വാക്കുകൾ
cancel
camera_alt

അനസ് അൽ ഷരീഫ്, മകൾ ഷാം, മകൻ സലാഹ്

ഗസ്സ: 'എന്റെ ഈ വാക്കുകൾ നിങ്ങളിൽ എത്തുകയാണെങ്കിൽ, എന്നെ കൊല്ലുന്നതിലും എന്നെ നിശബ്ദമാക്കുന്നതിലും ഇസ്രായേൽ വിജയിച്ചു എന്നറിയുക. എന്റെ കുടുംബത്തെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.

എന്റെ കണ്ണിന്റെ കൃഷ്ണമണി, എന്റെ പ്രിയപ്പെട്ട മകൾ ഷാം, ഇതുവരെ സ്വപ്നം കാണുവാൻ സാധിച്ചിട്ടില്ലാത്ത അവളെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.'

മരണത്തിന് തൊട്ടുമുൻപ് വരെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യ കുരുതി തന്റെ ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്ത് ലോകത്തിന് മുന്നിൽ എത്തിച്ചുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകൻ അനസ് അൽ ഷരീഫിന്റെ ഒസ്യത്തിലെ ഏതാനും വരികളാണിത്.


അൽ ജസീറ അറബിക് കറസ്പോണ്ടന്‍റായ അനസ് ഉൾപ്പെടെ അഞ്ച് മാധ്യമ പ്രവർത്തകരെയാണ് ഇന്ന് ഇസ്രായേൽ കൊന്നൊടുക്കിയത്.

കറസ്പോണ്ടന്‍റ് മുഹമ്മദ് റെയ്ഖ്, ക്യാമറ ഓപറേറ്റർമായ ഇബ്രാഹിം സഹീർ, മുഹമ്മദ് നൗഫൽ, മോഅമീൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ട സഹപ്രവർത്തകർ.

ഗസ്സയിലെ മരണ മുനമ്പിലൂടെ വംശഹത്യയുടെ നേർക്കാഴ്ചകൾ ഒപ്പിയെടുക്കാൻ നിർഭയം ഇറങ്ങിപ്പോകുമ്പോൾ മരണം മുന്നിൽ കണ്ടിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലപ്പെട്ട ശേഷം അനസ് അൽ ഷരീഫിന്റെ എക്സ് അകൗണ്ടിലൂടെ പുറത്ത് വന്ന അവസാനത്തെ സന്ദേശം. നാലുമാസം മുൻപ് തയാറാക്കി സഹപ്രവർത്തകരെ ഏൽപ്പിച്ച ഒസ്യത്താണ് മരണശേഷം അനസിന്റെ അകൗണ്ടിലൂടെ തന്നെ പോസ്റ്റ് ചെയ്തത്.

“ഇതാണ് എന്റെ അവസാന ഒസ്യത്തും എന്റെ അവസാന സന്ദേശവും. എന്റെ ഈ വാക്കുകൾ നിങ്ങളിൽ എത്തുകയാണെങ്കിൽ, എന്നെ കൊല്ലുന്നതിലും എന്നെ നിശബ്ദമാക്കുന്നതിലും ഇസ്രായേൽ വിജയിച്ചു എന്നറിയുക.

അല്ലാഹുവിന്റെ സമാധാനവും കരുണയും നിങ്ങളിലുണ്ടാവട്ടെ.. ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ഇടവഴികളിലും അയൽപക്കങ്ങളിലും ഞാൻ ജീവിതത്തിലേക്ക് കണ്ണുതുറന്നതുമുതൽ, എന്റെ ജനങ്ങൾക്ക് പിന്തുണയും ശബ്ദവുമാകാൻ ഞാൻ എന്റെ എല്ലാ പരിശ്രമവും ശക്തിയും ചെലുത്തിയെന്ന് അല്ലാഹുവിനറിയാം. എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം അധിനിവിഷ്ട അഷ്‌കെലോണിലേക്ക് (അൽമജ്ദൽ), ഞങ്ങളുടെ യഥാർത്ഥ ജന്മനാടിലേക്ക്, മടങ്ങാൻ കഴിയുംവിധം അല്ലാഹു എന്റെ ആയുസ്സ് വർദ്ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അല്ലാഹുവിന്റെ ഇഷ്ടം പരമോന്നതമായിരുന്നു, അവന്റെ വിധി അന്തിമവും.

ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഞാൻ വേദനകൾ അനുഭവിച്ചിട്ടുണ്ട്, യാതനകളും നഷ്ടവും ആവർത്തിച്ചനുഭവിച്ചിട്ടുണ്ട്. എങ്കിലും വ്യാജമോ വളച്ചൊടിക്കലോ ഇല്ലാതെ സത്യം അതേപടി അറിയിക്കാൻ ഞാൻ ഒരിക്കലും മടിച്ചിട്ടില്ല.

ഞങ്ങളെ ഉന്മൂലനം ചെയ്യുന്നതിൽ മൗനം പാലിച്ചവർക്കും, അംഗീകരിച്ചവർക്കും, ശ്വാസം അടക്കിപ്പിടിച്ചവർക്കും, നമ്മുടെ കുട്ടികളുടെയും സ്ത്രീകളുടെയും ശരീരാവശിഷ്ടങ്ങൾ കണ്ട് ഹൃദയം ചലിക്കാത്തവർക്കും, ഒന്നര വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾ അനുഭവിച്ചുവരുന്ന കൂട്ടക്കൊല നിർത്താത്തവർക്കും എതിരെ അല്ലാഹു സാക്ഷിയാകട്ടെ.

മുസ്ലിം ലോകത്തിന്റെ കിരീടത്തിലെ രത്നവും ഈ ലോകത്തിലെ ഓരോ സ്വതന്ത്ര വ്യക്തിയുടെയും ഹൃദയമിടിപ്പുമായ ഫലസ്തീനെ ഞാൻ നിങ്ങളെ ഏൽപിക്കുന്നു.

സ്വപ്നം കാണാനും സുരക്ഷിതത്വത്തിലും സമാധാനത്തിലും ജീവിക്കാനും അവസരം നിഷേധിക്കപ്പെട്ട ഫലസ്തീനി ജനതയെയും ഞങ്ങളുടെ അടിച്ചമർത്തപ്പെട്ട കുട്ടികളെയും ഞാൻ നിങ്ങളെ ഏൽപിക്കുന്നു.

അവരുടെ ശുദ്ധമായ പിഞ്ചുശരീരങ്ങൾ പരസഹസ്രം ടൺ കണക്കിന് ഇസ്രായേലി ബോംബുകളും മിസൈലുകളും ഏറ്റ് ചിന്നഭിന്നമായി അവശിഷ്ടങ്ങൾ ഗസ്സയുടെ തകർന്ന ചുവരുകളിൽ ചിതറിക്കിടക്കുന്നുണ്ട്.

നിങ്ങൾ നിയന്ത്രണങ്ങളാൽ നിശബ്ദരാകരുതെന്നും അതിർത്തികളാൽ തടഞ്ഞുനിർത്തപ്പെടരുതെന്നും ഞാൻ ഉപദേശിക്കുന്നു. നമ്മുടെ തട്ടിയെടുത്ത മാതൃരാജ്യത്ത് അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂര്യൻ പ്രകാശിക്കുന്നതിന് രാജ്യത്തിന്റെയും അതിന്റെ ജനങ്ങളുടെയും വിമോചനത്തിലേക്കുള്ള പാലങ്ങളാകുക.

എന്റെ കുടുംബത്തെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. എന്റെ കണ്ണിന്റെ കൃഷ്ണമണി, എന്റെ പ്രിയപ്പെട്ട മകൾ ഷാം, ഞാൻ സ്വപ്നം കണ്ടതുപോലെ ജീവിക്കുന്നത് കാണാൻ കഴിയാതെ അവളെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.

എന്റെ പ്രിയപ്പെട്ട മകൻ സലാഹിനെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു, അവൻ ശക്തനാകുന്നതുവരെ അവന് താങ്ങും കൂട്ടുമായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, അങ്ങനെ അവൻ എന്റെ ഭാരങ്ങൾ വഹിക്കുകയും തന്റെ ദൗത്യം പൂർത്തിയാക്കുകയും ചെയ്യണമെന്ന്.

എന്റെ പ്രിയപ്പെട്ട ഉമ്മയെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു, അവരുടെ പ്രാർത്ഥനകൾ എന്നെ അനുഗ്രഹിക്കുകയും ഈ ഘട്ടത്തിലെത്താൻ എന്നെ പ്രാപ്തനാക്കുകയും ചെയ്തു. അവരുടെ പ്രാർത്ഥനകൾ എന്റെ പരിചയും വെളിച്ചവുമായിരുന്നു. അവരുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും എനിക്ക് വേണ്ടി അവർക്ക് സമൃദ്ധമായി പ്രതിഫലം നൽകാനും ഞാൻ അല്ലാഹുവോട് പ്രാർത്ഥിക്കുന്നു.

എന്റെ ജീവിതസഖി പ്രിയപത്നി ഉമ്മുസലാഹ് ബയാനെയും ഞാൻ നിങ്ങളെ ഏൽപിക്കുന്നു. യുദ്ധം ഞങ്ങളെ നീണ്ട ദിവസങ്ങളും മാസങ്ങളും വേർപെടുത്തി, പക്ഷേ അവൾ തന്റെ ഉടമ്പടിയിൽ ഉറച്ചു വളയാത്ത ഒലിവ് തടി പോലെ നിവർന്നുനിന്നു, ക്ഷമയും സംതൃപ്തിയും നിലനിർത്തി. എന്റെ അഭാവത്തിൽ അവൾ എല്ലാ ശക്തിയോടും വിശ്വാസത്തോടും കൂടി അമാനത്ത് ശിരസാവഹിച്ചു.

സർവ്വശക്തനായ അല്ലാഹുവിന് ശേഷം നിങ്ങൾ അവളുടെ ചുറ്റും നിരന്ന് അവളെ സംരക്ഷിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.

ഞാൻ മരിക്കുകയാണെങ്കിൽ എന്റെ തത്വങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ഞാൻ മരിക്കും. അല്ലാഹുവിന്റെ വിധിയിൽ ഞാൻ സംതൃപ്തനാണെന്നും, അവനുമായുള്ള കൂടിക്കാഴ്ചയിൽ വിശ്വസ്തനാണെന്നും, അല്ലാഹുവിന്റെ അടുക്കൽ എനിക്കുള്ളത് കൂടുതൽ മികച്ചതും നിലനിൽക്കുന്നതുമാണെന്ന് ഉറപ്പുണ്ടെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

അല്ലാഹുവെ, രക്തസാക്ഷികളുടെ കൂട്ടത്തിൽ എന്നെ സ്വീകരിക്കണമേ, എനിക്ക് സംഭവിച്ചതും സംഭവിക്കാനുള്ളതുമായ പാപങ്ങൾ പൊറുക്കേണമേ, എന്റെ രക്തത്തെ എന്റെ ജനത്തിനും കുടുംബത്തിനും സ്വാതന്ത്ര്യത്തിലേക്കുള്ള പാത തെളിക്കുന്ന പ്രകാശമാക്കണമേ..

എനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നിങ്ങൾ എന്നോട് ക്ഷമിക്കണം, എനിക്കുവേണ്ടി കരുണയ്ക്കായി പ്രാർത്ഥിക്കണം. ഞാൻ എന്റെ ഉടമ്പടി നിറവേറ്റിയുണ്ട്, ഞാൻ ഒരിക്കലും മാറുകയോ മാറ്റുകയോ ചെയ്തിട്ടില്ല.

ഗസ്സയെ നിങ്ങൾ മറക്കരുത്... എന്റെ പാപമോചനത്തിനും ഞാൻ സ്വീകരിക്കപ്പെടുവാനും നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ മറക്കരുത്.

അനസ് അൽ ഷരീഫ്".


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al jazeeraWorld NewsGaza WarGaza Genocide
News Summary - ‘If these words reach you … Israel has succeeded in killing me’: the last words of a journalist killed in Gaza
Next Story