‘പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്താന് മറ്റ് വഴികളുണ്ട്’; മുന്നറിയിപ്പുമായി ആമിർ ഖാൻ മുത്തഖി
text_fieldsആമിർ ഖാൻ മുത്തഖി
ന്യൂഡൽഹി: പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തി സംഘർഷത്തിനിടെ പാക് ഭരണകൂടത്തിന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്താന് മറ്റ് വഴികളുണ്ടെന്ന് ആമിർ ഖാൻ മുത്തഖി വ്യക്തമാക്കി.
പാകിസ്താനിലെ ഭൂരിഭാഗം പൗരന്മാരുമായി അഫ്ഗാനിസ്താന് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളില്ല. അവർ അഫ്ഗാനുമായി സമാധാനവും പരസ്പര സ്നേഹവും നല്ല ബന്ധവും ആഗ്രഹിക്കുന്നു. എന്നാൽ, പാകിസ്താനിലെ ചില ഘടകങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് മുത്തഖി പറഞ്ഞു.
അഫ്ഗാന്‍റെ അതിർത്തികളും ദേശീയ താൽപര്യവും സംരക്ഷിക്കും. പാകിസ്താന്‍റെ ആക്രമണത്തിൽ ഉടൻ തന്നെ പ്രത്യാക്രമണം നൽകിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ സൈനിക ലക്ഷ്യങ്ങൾ ഞങ്ങൾ നേടി. സുഹൃത്ത് രാജ്യങ്ങളായ ഖത്തറും സൗദി അറേബ്യയും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനാൽ സൈനിക നീക്കം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. മികച്ച സൗഹൃദവും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും മുത്തഖി മാധ്യമങ്ങളോട് വ്യക്തമാക്കി.
അഫ്ഗാൻ- പാക് അതിർത്തിയിൽ നടന്ന കനത്ത ആക്രമണത്തിലും പ്രത്യാക്രമണത്തിലും ഇരുപക്ഷത്തും കനത്ത ആളപായമാണ് ഉണ്ടായിട്ടുള്ളത്. അഫ്ഗാനിസ്താന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും 200ലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടതായും പാകിസ്താൻ അവകാശപ്പെട്ടു.
ശനിയാഴ്ച രാത്രി പാക് പ്രവിശ്യകളായ ഖൈബർ പഖ്തൂൻഖ്വ, ബലൂചിസ്താൻ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായും 30ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാനിസ്താനും അവകാശപ്പെട്ടു.
ഖൈബർ പഖ്തൂൻഖ്വയിൽ അംഗൂർ അഡ്ഡ, ബജോർ, കുർറം, ദിർ, ചിത്രൽ എന്നിവിടങ്ങളിലും ബലൂചിസ്താനിൽ ബറാംചയിലുമാണ് അഫ്ഗാൻ സേന ആക്രമണം നടത്തിയത്. ഡ്യൂറൻഡ് അതിർത്തിയിൽ 20 പാക് സുരക്ഷ ഔട്ട്പോസ്റ്റുകൾ തകർത്തതായും നിരവധി ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തതായും അഫ്ഗാനിലെ താലിബാൻ സർക്കാർ വക്താവ് ദബീഹുല്ല മുജാഹിദ് പറഞ്ഞു.
ആക്രമണങ്ങൾക്ക് പിന്നാലെ തോർഖാം, ചമൻ ക്രോസിങ്ങുകൾ പാകിസ്താൻ അടച്ചു. മറ്റു ചെറിയ അതിർത്തികളും അടച്ചിട്ടുണ്ട്. 2600 കിലോമീറ്ററാണ് പാകിസ്താനും അഫ്ഗാനിസ്താനും അതിർത്തി പങ്കിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

