ആണവ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാന് വളരെ മോശം ദിവസങ്ങളായിരിക്കും; മുന്നറിയിപ്പുമായി ട്രംപ്
text_fieldsവാഷിംങ്ടൺ: ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് യു.എസ് നേരിട്ട് ചർച്ച നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാൻ ‘വലിയ അപകടത്തിലാകുമെന്നും’ ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ശനിയാഴ്ച ചർച്ചകൾ ആരംഭിക്കുമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാന് ആണവായുധങ്ങൾ ലഭിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ‘ഞങ്ങൾ അവരുമായി നേരിട്ട് ഇടപെടുകയാണ്. ഒരുപക്ഷേ, ഒരു കരാർ ഉണ്ടാക്കാനും പോകുകയാണ്’. ചർച്ചക്കാർക്ക് ഇറാനുമായി ഒത്തുതീർപ്പിലെത്താൻ കഴിയുന്നില്ലെങ്കിൽ സൈനിക നടപടിക്ക് മുതിരുമോ എന്ന് ചോദിച്ചപ്പോൾ, എങ്കിൽ ഇറാൻ വലിയ അപകടത്തിലാകാൻ പോകുന്നു. അതെന്താണെന്ന് പറയാൻ എനിക്ക് താൽപര്യമില്ല’ എന്ന് ട്രംപ് മറുപടി നൽകി. ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാന് അത് വളരെ മോശം ദിവസമായിരിക്കുമെന്ന് താൻ കരുതുന്നുവെന്നും ട്രംപ് പറഞ്ഞു. എന്ത് സംഭവിച്ചാലും ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലെന്ന് നാം ഉറപ്പാക്കണം. അതിനുള്ള ചർച്ചകൾ ഉയർന്ന തലത്തിൽ നടക്കുമെന്ന് ട്രംപ് പറഞ്ഞു. പക്ഷേ, ചർച്ചകൾ എവിടെ നടക്കുമെന്നോ ആരെയാണ് അയക്കുന്നതെന്നോ വെളിപ്പെടുത്തിയിട്ടില്ല.
മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകൂടം ഇറാനുമായി ചർച്ച ചെയ്ത് തീർപ്പിലെത്തിയ നിർണായക ആണവ കരാറിൽനിന്ന് ട്രംപ് തന്റെ ആദ്യ ടേമിൽ അമേരിക്കയെ പിൻവലിക്കുകയുണ്ടായി. ഇറാനുമായി ഒരു ഒത്തുതീർപ്പിലെത്താനുള്ള ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെ പിന്തുണക്കുന്നതായി നെതന്യാഹു പറയുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇസ്രായേലും യു.എസും പങ്കിടുന്നത്.
ട്രംപ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവകൾ, ഇറാന്റെ ആണവ പദ്ധതി, ഇസ്രായേൽ-ഹമാസ് യുദ്ധം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നെതന്യാഹു വൈറ്റ് ഹൗസിലേക്ക് തിടുക്കത്തിൽ സംഘടിപ്പിച്ച സന്ദർശനത്തിനിടെയാണ് അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ച്ചക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. വെറും രണ്ട് മാസത്തിനിടെ ട്രംപിന്റെ രണ്ടാമത്തെ സന്ദർശനമായിരുന്നു ഇത്.
2015ലെ ഇറാൻ ആണവ കരാറിൽ നിന്ന് യു.എസിനെ പിൻവലിച്ചുകൊണ്ട് ലോകത്തെ കൂടുതൽ സുരക്ഷിതമാക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള സംഘർഷങ്ങൾ, ഇസ്രായേൽ-തുർക്കി ബന്ധങ്ങൾ, കഴിഞ്ഞ വർഷം ഇസ്രായേൽ നേതാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി തീരുമാനം എന്നിവയെക്കുറിച്ചും ട്രംപും നെതന്യാഹുവും ചർച്ച ചെയ്തതായി പറഞ്ഞു. ഇസ്രായേലിനെതിരായ അന്വേഷണങ്ങൾക്കെതിരെ ഐ.സി.സിക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടിവ് ഉത്തരവിൽ ഫെബ്രുവരിയിൽ ട്രംപ് ഒപ്പുവെക്കുകയുണ്ടായി.
നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു മുമ്പ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരുമായി ട്രംപ് ഒരു ഫോൺ സംഭാഷണം നടത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ മൂന്ന് നേതാക്കളും പ്രധാന പങ്കാളികളാണ്.
ഞായറാഴ്ച, വൈകുന്നേരം വാഷിംങ്ടണിൽ എത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്, യു.എസ് വ്യാപാര പ്രതിനിധി ജെയിംസൺ ഗ്രീർ എന്നിവരുമായും താരിഫുകൾ ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്കു മുമ്പ് മിഡിൽ ഈസ്റ്റിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായി നെതന്യാഹുവും കൂടിക്കാഴ്ച നടത്തി.
പുതിയ താരിഫുകളുമായി ബന്ധപ്പെട്ടുണ്ടാവാനിടയുള്ള യു.എസിന്റെ വ്യാപാര കമ്മി ഇല്ലാതാക്കാൻ തന്റെ സർക്കാർ നീങ്ങുമെന്ന് ട്രംപിന് ഉറപ്പ് നൽകിയതായി നെതന്യാഹു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

