അമേരിക്കക്കു പിന്നാലെ ഫോർദോ ആണവ കേന്ദ്രം ആക്രമിച്ച് ഇസ്രായേലും, മിസൈലുകൾ തൊടുത്ത് ഇറാന്‍റെ തിരിച്ചടി
text_fieldsതെഹ്റാൻ: അമേരിക്കക്കു പിന്നാലെ ഇറാനിലെ സുപ്രധാന ആണവ കേന്ദ്രമായ ഫോർദോയിൽ വ്യോമാക്രമണം നടത്തി ഇസ്രായേലും.
ആക്രമണം ഇറാൻ സ്ഥിരീകരിച്ചെങ്കിലും ഫോർദോയിൽ എത്ര നാശമുണ്ടായെന്നതിൽ വ്യക്തതയില്ല. ഞായറാഴ്ച പുലർച്ചെയാണ് അമേരിക്ക അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽപറത്തി ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്നു ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയത്. ഇറാന്‍റെ ആണവ സ്വപ്നം തകർത്തെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും കാര്യമായ നാശമുണ്ടായിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. തൊട്ടടുത്ത ദിവസമാണ് ഇസ്രായേലും ഇതേ കേന്ദ്രം ആക്രമിച്ചത്. കൂടാതെ പാരാമിലിട്ടറി റെവലൂഷനറി ഗാർഡ്സ് ആസ്ഥാനം, ഫലസ്തീൻ ചത്വരം, പാരാമിലിട്ടറി ബാസിജ് വളണ്ടിയർ കോർ കെട്ടിടം, ഇവിൻ ജയിൽ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ബൂഷഹ്ർ, അഹ്‍വാസ്, യസ്ദ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ മിസൈൽ സംഭരണ കേന്ദ്രം, മിസൈൽ ലോഞ്ചിങ് കേന്ദ്രം, ഡ്രോൺ സംഭരണകേന്ദ്രം, വ്യോമപ്രതിരോധ ഉപകരണ ഉൽപാദന കേന്ദ്രം എന്നിവിടങ്ങളിൽ ആക്രമണം നടത്തി കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇസ്രായേൽ പറയുന്നു. യസ്ദിലെ ഇമാം ഹുസൈൻ മിസൈൽ കേന്ദ്രം ആക്രമിച്ച് ഖുർറംഷഹ്ർ മിസൈലുകൾ നശിപ്പിച്ചതായി ഇസ്രായേൽ വ്യോമസേന മേധാവി മേജർ ജനറൽ ടോമർ ബാർ അവകാശപ്പെട്ടു.
ഇസ്രായേൽ വ്യോമ സേനയുടെ 50 യുദ്ധ വിമാനങ്ങൾ പങ്കെടുത്ത ദൗത്യത്തിൽ ഇറാനിയൻ സൈന്യത്തിന് വലിയ തിരിച്ചടി നൽകാനായെന്നും ഐ.ഡി.എഫ് അവകാശപ്പെടുന്നു. ഇതിനു മറുപടിയായി ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇറാൻ വൃത്തങ്ങൾ പറഞ്ഞു. തെൽ അവീവ്, ഹൈഫ നഗരങ്ങൾക്കു പുറമെ, ഇസ്രായേലിലെ മറ്റു നഗരങ്ങളിലും മിസൈൽ പതിച്ചതായി
ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

