ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നുവെന്ന് ഇസ്രായേൽ സൈന്യം; കരാർ പ്രകാരമുള്ള പിന്മാറ്റമുണ്ടായെന്നും ഐ.ഡി.എഫ്
text_fieldsതെൽ അവീവ്: ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നുവെന്ന് ഇസ്രായേൽ സൈന്യം. കരാർ പ്രകാരമുള്ള മേഖലകളിലേക്ക് ഇസ്രായേൽ സൈന്യം മാറിയെന്നും പ്രതിരോധസേന അറിയിച്ചു. ടെലിഗ്രാമിലൂടെയാണ് ഐ.ഡി.എഫിന്റെ അറിയിപ്പ്. പ്രാദേശിക സമയം 12 മണിയോടെയാണ് ഇസ്രായേലിന്റെ പിന്മാറ്റമുണ്ടായത്.
അടിയന്തരമായുണ്ടാവുന്ന പ്രദേശത്തെ ഭീഷണികൾ നേരിടാൻ സതേൺ കമാൻഡിനെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ഡി.എഫ് അറിയിച്ചു. നിലവിൽ ഗസ്സയിലെ 53 ശതമാനം പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേലിനാണ്. അടുത്ത 72 മണിക്കൂറിനുള്ളിൽ ബന്ദിമോചനം അടക്കമുള്ള കരാറിലെ മറ്റ് വ്യവസ്ഥകൾ ഹമാസ് പാലിക്കും. ഫലസ്തീനിയൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും.
ഗസ്സയിലേക്ക് പ്രതിദിനം 600 ട്രക്കുകൾ ഇസ്രായേൽ അനുവദിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സലാഹ് അൽ-ദിൻ, അൽ-റാഷിദ് സ്ട്രീറ്റുകളിലൂടെയായിരിക്കും ഗസ്സ മുനമ്പിലേക്ക് ട്രക്കുകൾ പ്രവേശിക്കുക. ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും പുറമേ താൽക്കാലിക പാർപ്പിട സംവിധാനങ്ങൾ, ഇന്ധനം അടക്കമുള്ളവയും ഗസ്സയിലേക്ക് അയക്കും.
ഗസ്സ വെടിനിർത്തലിന് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം; 250 ഫലസ്തീൻ തടവുകാരെ തിങ്കളാഴ്ച മോചിപ്പിക്കും, അവസാന ആക്രമണത്തിൽ മരണം 30
ജറുസേലം: ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറാനുമുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള കരാറിന് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അധ്യക്ഷതിയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭയാണ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്.
കരാറിന് അംഗീകാരം നൽകിയ വാർത്ത വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചതായി ദി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നെറും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. യുദ്ധം ആരംഭിച്ച ശേഷമുള്ള മൂന്നാമത്തെ വെടിനിർത്തലാണിത്.
ഗസ്സയുടെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങും. ഇസ്രായേൽ കസ്റ്റഡിയിലുള്ള ഫലസ്തീൻ തടവുകാരെ തിങ്കളാഴ്ച വിട്ടയക്കും. ഹമാസ് കസ്റ്റഡിയിലുള്ള അവശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ ഉടൻ മോചിപ്പിക്കും. കരാറിന്റെ പൂർണ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഗസ്സയുടെ തുടർഭരണം പോലുള്ള നിർണായക വിഷയങ്ങളിൽ വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

