റോഡിലേക്ക് കല്ലെറിഞ്ഞെന്ന് പറഞ്ഞ് കൗമാരക്കാരനെ വെടിവെച്ച് കൊന്ന് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: റോഡിലേക്ക് കല്ലെറിഞ്ഞെന്ന് പറഞ്ഞ് കൗമാരക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. ഞായറാഴ്ച വൈകുന്നേരം വെസ്റ്റ് ബാങ്കിലായിരുന്നു ഇസ്രായേൽ സൈന്യത്തിന്‍റെ ക്രൂരത. 19കാരനായ മുഅ്മൻ അബൂ റിയാഷ് ആണ് കൊല്ലപ്പെട്ടത്.
ഹൈവേയിലേക്ക് കല്ലെറിഞ്ഞ മൂന്നു പേർക്കുനേരെ സൈന്യം വെടിയുതിർത്തെന്നും ഒരാൾ കൊല്ലപ്പെട്ടെന്നും മറ്റുള്ളവരെ അറസ്റ്റ് ചെയ്തെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. അറസ്റ്റിലായവരിൽ ഒരാളായ 21കാരൻ ബറാ ബിലാൽ ഇസ്സ കബ്ലാൻ വെടിവെപ്പിലേറ്റ ഗുരുതര പരിക്കിനെ തുടർന്ന് പിന്നീട് ഇസ്രായേൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
നബുലുസിന് സമീപം അസൂനിൽ ക്യാമ്പ് ചെയ്ത 890-ാമത് പാരാട്രൂപ്പേഴ്‌സ് ബറ്റാലിയനിലെ സൈനികരുടേതാണ് ക്രൂരത. ഇസ്രായേൽ ക്രൂരതക്കിരയായ മൂവരും നബുലുസ് - കൽഖില്യ റോഡിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. അബൂ റിയാഷ് കല്ലെറിഞ്ഞിട്ടില്ലെന്നും മറ്റുള്ളവരാണ് സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ, ‘ഇവരുടെ പ്രവൃത്തി ഹൈവേയിലൂടെ വാഹനമോടിച്ചിരുന്ന സാധാരണക്കാരെ അപകടത്തിലാക്കി’ എന്നാണ് ഐ.ഡി.എഫ് പറയുന്നത്.
വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് വന്ന തങ്ങളുടെ ആംബുലൻസുകൾ ഇസ്രായേൽ സൈന്യം ആദ്യം തടഞ്ഞുവെച്ചെന്ന് ഫലസ്തീൻ റെഡ് ക്രസന്‍റ് പറയുന്നു. ഗുരുതര പരിക്കേറ്റ ബറാ ബിലാലിന് ശുശ്രൂഷ നൽകാൻ ഇതോടെ ഏറെ വൈകിയെന്നും റെഡ് ക്രസന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

