ദാഹജലം കാത്തിരുന്ന കുഞ്ഞുങ്ങളെ കൊന്നതിൽ വിചിത്ര വിശദീകരണവുമായി ഇസ്രായേൽ
text_fieldsഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആറ് വയസ്സുള്ള മകൻ മജീദ് അഹമ്മദിന്റെ മൃതദേഹവുമായി മാതാവ് അൽ-ഷിഫ ആശുപത്രിയിൽ
ഗസ്സ സിറ്റി: ദാഹജലത്തിനായി കാത്തിരുന്ന കുഞ്ഞുങ്ങളെ ആകാശത്തുനിന്ന് ബോംബിട്ട് കൊന്ന ക്രൂരകൃത്യത്തിന് വിചിത്ര വിശദീകരണവുമായി ഇസ്രായേൽ അധിനിവേശ സേന. മധ്യ ഗസ്സയിൽ കാനുകളിൽ വെള്ളം നിറക്കാൻ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരെയാണ് ഇന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത്. ഏഴു കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ നുസൈറത്ത് അഭയാർഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം ഒഴിഞ്ഞ കാനുകളുമായി ക്യൂ നിന്നിരുന്ന ജനക്കൂട്ടത്തിന് നേരെയാണ് സൈന്യം ഡ്രോൺ മിസൈൽ പ്രയോഗിച്ചത്.
ഫലസ്തീൻ പോരാളിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം സാങ്കേതിക തകരാർ മൂലം കുടിവെള്ളത്തിന് ക്യൂ നിന്നവർക്ക് നേരെ ആയിപ്പോയെന്നാണ് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ഇപ്പോൾ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്. തങ്ങൾ സാധാരണക്കാരെ ലക്ഷൽമിടുന്നത് കുറവാണെന്നും അവർക്ക് ദോഷം സംഭവിക്കാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും കൂട്ടക്കൊലക്ക് ശേഷം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹത്തിന് സമീപം അൽ-ഷിഫ ആശുപത്രിയിലെ മോർച്ചറിയിൽ പൊട്ടിക്കരയുന്ന ബന്ധുക്കൾ
‘ഇന്ന് മധ്യ ഗസ്സയിൽ തീവ്രവാദ പ്രവർത്തകനെ ലക്ഷ്യമിട്ട് ഒരു ആക്രമണം നടത്തിയിരുന്നു. എന്നാൽ, യുദ്ധോപകരണത്തിലെ സാങ്കേതിക തകരാറുമൂലം, ഉദ്ദേശിച്ച ലക്ഷ്യത്തിൽ നിന്ന് മീറ്ററുകൾ അകലെയാണ് അത് പതിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഫലമായി പ്രദേശത്ത് ആളപായമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴും അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഗസ്സയിലെ ഭീകര ഗ്രൂപ്പുകൾക്കെതിരെ തങ്ങൾ ആക്രമണം നടത്തുന്നുണ്ട്. ഇതിൽ ഉൾപ്പെടാത്ത സാധാരണക്കാർക്ക് ദോഷം സംഭവിക്കാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പോരാളികൾ അല്ലാത്തവർക്ക് എന്തെങ്കിലും ദോഷം സംഭവിച്ചതിൽ ഐഡിഎഫ് ഖേദിക്കുന്നു’ -പ്രസ്താവനയിൽ പറഞ്ഞു.
പതിനായിരക്കണക്കിന് കുഞ്ഞുങ്ങളടക്കം 58,026 ഫലസ്തീനികളെ 20 മാസത്തിനുള്ളിൽ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ സൈന്യമാണ്, കൊല്ലപ്പെട്ടവരെ പരിഹസിക്കുന്ന തരത്തിൽ ഈ സംഭവത്തിൽ വിചിത്ര വിശദീകരണം പുറത്തിറക്കിയത്. ഇതിനകം കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 138,520 പേർക്കാണ് ഇസ്രായേൽ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച കണക്കിൽ പറയുന്നു. ഇതിൽ ഭൂരിഭാഗവും കൈകാലുകൾ അടക്കം നഷ്ടപ്പെട്ട് അംഗവൈകല്യം സംഭവിച്ചവരാണ്.
ഗസ്സ മുനമ്പിലുടനീളം ഇസ്രായേലി വ്യോമാക്രമണങ്ങൾ വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആറ് ആഴ്ചക്കുള്ളിൽ തെക്കൻ ഗസ്സയിലെ റഫ ഫീൽഡ് ആശുപത്രിയിൽ അതിനു മുമ്പുള്ള 12 മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ ചികിത്സ തേടിയതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് അറിയിച്ചു.
സഹായവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് 789 കൊലപാതകങ്ങൾ രേഖപ്പെടുത്തിയതായി യു.എൻ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. അവയിൽ 615 മരണം നടന്നത് മെയ് 27 ന് തുറന്നതും തെക്കൻ-മധ്യ ഗസ്സയിലെ സൈനിക മേഖലകൾക്കുള്ളിൽ പ്രവർത്തിപ്പിക്കുന്നതുമായ യു.എസിന്റെയും ഇസ്രായേലി പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സൈറ്റുകളുടെ സമീപത്തായിരുന്നു. മറ്റ് 183 കൊലപാതകങ്ങൾ യു.എന്നിന്റെയും മറ്റ് സഹായ വാഹനവ്യൂഹങ്ങളുടെയും സമീപത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്.
24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിലും ബോംബേറിലും അൽ അഹ്‍ലി അറബ് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. അഹ്മദ് ഖൻദീൽ അടക്കം 70 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ തിരക്കുള്ള മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് ഡോക്ടർ അടക്കം 11പേർ കൊല്ലപ്പെട്ടത്. ഫലസ്തീൻ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ 1588 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ജറൂസലം ക്രൈസ്‍തവ രൂപത നടത്തുന്ന ഗസ്സ സിറ്റിയിലെ ഏക ആശുപത്രിയായിരുന്നു അൽ അഹ്‍ലി. ഗസ്സ യുദ്ധം ആരംഭിച്ചപ്പോൾ തന്നെ ഇസ്രായേൽ ബോംബാക്രമണം നടത്തിയതും അവിടെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

