ലോസ് ആഞ്ചലസ്: യു.എസ് ടെലിവിഷൻ രംഗത്തെ ഏറ്റവും പ്രശസ്ത മുഖമായ റേഡിയോ-ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് (87) അന്തരിച്ചു. മരണകാരണം എന്താണെന്ന് അദ്ദേഹം സഹസ്ഥാപകനായ ഓറ മീഡിയ വ്യക്തമാക്കിയിട്ടില്ലെങ്കിലും കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ലോസ് ആഞ്ചലിസിലെ സേഡാര്‍സ്-സിനായി മെഡിക്കല്‍ സെന്‍ററില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ലാറി കിങ് മരിച്ചത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചു വരികയായിരുന്നു.
അമേരിക്കന്‍ റേഡിയോ-ടെലിവിഷന്‍-ഡിജിറ്റല്‍ രംഗത്തെ അതികായനായിരുന്ന ലാറി 63 വര്‍ഷത്തോളം നീണ്ട കരിയറില്‍ ലോക നേതാക്കള്‍, സിനിമാതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിങ്ങനെ നിരവധി പ്രമുഖരുമായി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്. സി.എൻ.എന്നിലെ 'ലാറി കിങ് ലൈവ്' എന്ന പരിപാടിക്ക് ലോകം മൂഴുവൻ ആരാധകരുണ്ടായിരുന്നു. 1985 മുതല്‍ 2010 വരെ കാൽനൂറ്റാണ്ട് സി.എൻ.എൻ സംപ്രേക്ഷണം ചെയ്ത പരിപാടിയാണിത്. 1974 മുതൽ ബറാക് ഒബാമ വരെയുള്ള അമേരിക്കൻ പ്രസിഡന്‍റുമാരെയും ലോക നേതാക്കളായ യാസർ അറഫാത്ത്, വ്ലാഡ്മിർ പുടിൻ തുടങ്ങിയവരെയുമെല്ലാം തന്‍റെ കരിറയിറിനിടെ അദ്ദേഹം ഇന്‍റർവ്യു ചെയ്തു. 2010ലെ വൈകാരികമായ അവസാന ലാറി കിങ് ലൈവ് ഷോക്ക് അഭിവാദ്യമർപ്പിച്ച് ബറാക് ഒബാമ വിഡിയോ നൽകിയിരുന്നു.
ആഴ്ചയിൽ ആറ് ദിവസവും 200 രാജ്യങ്ങളിലായി സി.എൻ.എൻ സംപ്രേക്ഷണം ചെയ്തിരുന്ന ലാറി കിങ് ലൈവ് ഷോയ്ക്ക് ഓരോ രാത്രിയിലും പത്ത് ലക്ഷത്തോളം പ്രേക്ഷകർ ഉണ്ടായിരുന്നു. ലാറി കിങ് മൊത്തം 30,000 അഭിമുഖങ്ങൾ നടത്തിയതായാണ് സി.എൻ.എൻ പറയുന്നത്. പരിപാടിയുടെ ജനപ്രീതി കണക്കിലെടുത്ത് വർഷം 70ലക്ഷം ഡോളർ ആണ് ലാറി കിങ് പ്രതിഫലമായി വാങ്ങിയിരുന്നത്.
1933 നവംബര്‍ 19ന് ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനില്‍ റഷ്യന്‍-ജൂത ദമ്പതികളുടെ മകനായാണ് ലാറിയുടെ ജനനം. 23ാം വയസിൽ ജോലി തേടി ഫ്ലോറിഡയിലേക്ക് പോയി. 1957ല്‍ മിയാമി റേഡിയോ സ്‌റ്റേഷനില്‍ ഡിസ്‌ക് ജോക്കിയായാണ് തൊഴില്‍ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് 1985ലാണ് സി.എന്‍.എന്നില്‍ ജോലിക്കു ചേരുന്നത്.