ലണ്ടനിലെ ഗാന്ധി പ്രതിമ വികൃതമാക്കി അക്രമികൾ; നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈകമീഷൻ
text_fieldsലണ്ടനിലെ ഗാന്ധിപ്രതിമ വികൃതമാക്കിയനിലയിൽ
ലണ്ടൻ: ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ആഘോഷങ്ങൾ നടക്കാനിരിക്കെ, ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമ അക്രമികൾ പെയിന്റടിച്ച് വികൃതമാക്കി. രാഷ്ട്രപിതാവിന്‍റെ പ്രതിമക്ക് കീഴിൽ 'ഗാന്ധി ഹിന്ദുസ്ഥാനി ടെററിസ്റ്റ്', 'ടെററിസ്റ്റ്' തുടങ്ങിയ വിദ്വേഷ കുറിപ്പുകളാണ് എഴുതിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തെ ഇന്ത്യൻ ഹൈകമീഷൻ ശക്തമായി അപലപിച്ചു. ഗാന്ധിയൻ ആശയമായ അഹിംസക്കെതിരായ ആക്രമണമാണിതെന്നും അധികൃതരോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈക്കമീഷൻ എക്സിൽ കുറിച്ചു. പ്രതിമ വികൃതമാക്കിയ സംഭവം ഹൈകമീഷൻ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയ രീതിയിലാക്കാൻ നടപടികൾ സ്വീകരിച്ചതായും ഹൈകമീഷൻ അറിയിച്ചു.
പോളിഷ് കലാകാരിയായ ഫ്രെഡ ബ്രില്യന്റ് ആണ് ലണ്ടനിലെ ബ്ലൂംസ്ബറിയിലെ ടാവിസ്‌റ്റോക്ക് സക്വയറിലെ ഗാന്ധി പ്രതിമ നിർമിച്ചത്. 1968ൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോൾഡ് വിൽസണാണ് വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനിൽ നിയമ വിദ്യാർഥിയായിരുന്ന മഹാത്മ ഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്. എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

