Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഹിങ്ക്യകൾക്കെതിരെ നടന്നത് വംശഹത്യ തന്നെ; മ്യാന്മറിന്‍റെ ക്രൂരതകൾ തുറന്നുകാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതി

text_fields
bookmark_border
റോഹിങ്ക്യകൾക്കെതിരെ നടന്നത് വംശഹത്യ തന്നെ; മ്യാന്മറിന്‍റെ ക്രൂരതകൾ തുറന്നുകാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതി
cancel
camera_alt

ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പ്

ദി ഹേഗ്: മ്യാന്മറിലെ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ സൈന്യം നടത്തിയത് ക്രൂരമായ വംശഹത്യ തന്നെയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി . 2017ൽ മ്യാൻമർ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 10,000 റോഹിങ്ക്യക്കാർ കൊല്ലപ്പെട്ടതായും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വ്യാപകമായ അതിക്രമങ്ങൾ നടന്നതായും കോടതി വ്യക്തമാക്കി. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വ്യാഴാഴ്ചയാണ് കോടതി നിർണായക വിധി പ്രസ്താവിച്ചത്.

2017 ആഗസ്റ്റിൽ മ്യാൻമറിലെ വടക്കൻ റാഖൈൻ മേഖലയിലുണ്ടായ സൈനിക ആക്രമണമാണ് ഒരു ജനതയുടെയാകെ ജീവിതം തകർത്തത്. 'അരാകൻ റോഹിങ്ക്യൻ സാൽവേഷൻ ആർമി' എന്ന സായുധ സംഘം പൊലീസ് പോസ്റ്റുകൾ ആക്രമിച്ചതിന് പിന്നാലെയായിരുന്നു സൈന്യത്തിന്റെ ഈ തിരിച്ചടി. തീവ്രവാദികളെ നേരിടാനാണ് ഈ നീക്കമെന്നാണ് മ്യാൻമർ ഭരണകൂടം ലോകത്തോട് പറഞ്ഞത്. എന്നാൽ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ഗ്രാമങ്ങൾ മുഴുവൻ തീയിട്ട് നശിപ്പിക്കുകയും ചെയ്തതായി പിന്നീട് വന്ന അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇതോടെ ജീവൻ രക്ഷിക്കാനായി ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യക്കാർക്ക് സ്വന്തം വീടും നാടും ഉപേക്ഷിച്ച് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

ഈ ക്രൂരതകൾക്കെതിരെ 2019 നവംബറിലാണ് പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. 1948ലെ അന്താരാഷ്ട്ര വംശഹത്യ വിരുദ്ധ ഉടമ്പടി മ്യാൻമർ ലംഘിച്ചുവെന്നും റോഹിങ്ക്യൻ വംശത്തെ പൂർണമായും ഇല്ലാതാക്കാനാണ് സൈന്യം ശ്രമിച്ചതെന്നും ഗാംബിയ കോടതിയിൽ വാദിച്ചു. എന്നാൽ സായുധ സംഘങ്ങളെ നേരിടാനുള്ള സുരക്ഷാ നടപടി മാത്രമായിരുന്നു അതെന്നായിരുന്നു മ്യാൻമറിന്റെ ന്യായീകരണം. മ്യാൻമർ സൈന്യം ഒരു ജനതയെ മുഴുവൻ ഇല്ലാതാക്കാൻ തന്നെയാണ് ശ്രമിച്ചതെന്ന് കണ്ടെത്തിയ കോടതി, ഉപദ്രവിക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കാനും ഇത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാനും മ്യാൻമർ ഉടൻ നടപടിയെടുക്കണമെന്നും, ഈ അവസാന വിധി അനുസരിക്കാൻ മ്യാൻമർ ബാധ്യസ്ഥമാണെന്നും വ്യക്തമാക്കി.

വർഷങ്ങളായി ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ ദുരിതജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് റോഹിങ്ക്യൻ ജനതക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് ഈ വിധി. തങ്ങൾക്ക് നേരിട്ട അനീതിക്ക് പരിഹാരം കാണാനും സുരക്ഷിതമായി സ്വന്തം നാട്ടിലേക്ക് മടങ്ങാനുമുള്ള അവരുടെ നീണ്ട കാത്തിരിപ്പിന് അന്താരാഷ്ട്ര കോടതിയുടെ ഈ തീരുമാനം പുതിയ കരുത്ത് പകരും. അതേസമയം, അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഗസ്സ വംശഹത്യാ കേസിലും ഈ വിധി നിർണായകമായൊരു കീഴ്‌വഴക്കമായി മാറും. സായുധ സംഘങ്ങളുടെ ആക്രമണത്തിന് മറുപടിയായുള്ള 'സ്വയംരക്ഷാ നടപടി' മാത്രമാണിതെന്ന മ്യാൻമറിന്റെ വാദം കോടതി തള്ളിക്കളഞ്ഞത്, സമാനമായ ന്യായീകരണങ്ങൾ മുന്നോട്ടുവെക്കുന്ന ഇസ്രായേലിനും വലിയ തിരിച്ചടിയാണ്. വംശഹത്യ തെളിയിക്കാൻ കോടതി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഗസ്സയിലെ അതിക്രമങ്ങൾക്കെതിരായ നിയമപോരാട്ടത്തിനും കൂടുതൽ ബലം നൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ICJ Rules on Rohingya Genocide
Next Story