യു.എസ് ആക്രമിച്ച മൂന്ന് ആണവനിലയങ്ങൾക്ക് ചുറ്റിലും റേഡിയേഷൻ വർധനവ് ഇല്ലെന്ന് ഐ.എ.ഇ.എ
text_fieldsയു.എസ് ആക്രമിച്ച ഇറാനിലെ ഫോർദോ, ഇസ്ഫാൻ, നതാൻസ് ആണവനിലയങ്ങൾക്ക് പരിസരമേഖലകളിൽ റേഡിയേഷൻ (ഓഫ് സൈറ്റ് റേഡിയേഷൻ) വർധനവ് ഇല്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) അറിയിച്ചു. നിലവിലെ സാഹചര്യം ഇതാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് അറിയിക്കുമെന്നും ഐ.എ.ഇ.എ വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് ഫോർദോ, ഇസ്ഫാൻ, നതാൻസ് ആണവനിലയങ്ങൾ യു.എസ് സൈന്യം ആക്രമിച്ചത്. ഇറാന്റെ സുപ്രധാനമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തുവെന്നാണ് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചത്. എന്നാൽ, ഫോർദോയിലെ ആണവകേന്ദ്രത്തിന് കാര്യമായ തകരാർ സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ അധികൃതർ പറയുന്നത്. പരിഹരിക്കാൻ പറ്റുന്ന തകരാറുകൾ മാത്രമാണുണ്ടായതെന്ന് ഇറാനിയൻ എം.പി മനാൻ റെയ്സി പറഞ്ഞു.
ആണവകേന്ദ്രമായ ഇസ്ഫഹാന് നേരെ ഇന്നലെ ഇസ്രായേൽ ആക്രമണമുണ്ടായിരുന്നു. ഇസ്ഫഹാനിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പുനഃക്രമീകരണം നടക്കുന്ന സ്ഥലമുണ്ടെന്നും ആണവായുധം വികസിപ്പിക്കുന്ന പ്രക്രിയയിലെ ഘട്ടമാണിതെന്നും ആരോപിച്ചായിരുന്നു ഇസ്രായേൽ ആക്രമണം. എന്നാൽ, ഇസ്ഫഹാനിൽ ആണവ വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നാണ് ഐ.എ.ഇ.എ ഡയറക്ടർ റഫേൽ മരിയാനോ ഗ്രോസി വ്യക്തമാക്കിയത്.
ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്ന ഒരു വിവരവും തങ്ങൾക്ക് ഇല്ലെന്ന് രണ്ട് ദിവസം മുമ്പ് ഐ.എ.ഇ.എ ഡയറക്ടർ പറഞ്ഞിരുന്നു. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അഭ്യർഥിക്കുന്നതിനിടെയാണ് യു.എസ് വൻതോതിലുള്ള ആക്രമണം നടത്തിയിരിക്കുന്നത്.
ഇറാൻ അണുബോംബ് നിർമാണത്തിന്‍റെ അന്തിമ ഘട്ടത്തിലാണെന്ന് ആരോപിച്ചാണ് ഇസ്രായേൽ ജൂൺ 13ന് ആക്രമണം ആരംഭിച്ചത്. ഇറാൻ ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ തന്നെ വിലയിരുത്തലിന് പിന്നാലെയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

