'തീരുമാനങ്ങൾ എടുക്കുന്നത് ഞാനാണ്, നെതന്യാഹുവല്ല'; ഇറാനുമായുള്ള കരാർ ഇസ്രായേൽ അംഗീകരിക്കേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാനുമായി അമേരിക്ക നടത്തുന്ന നയതന്ത്ര ചർച്ചകളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന് യാതൊരു പങ്കുമില്ലെന്നും, യു.എസ് ഉണ്ടാക്കുന്ന ഏത് കരാറും അംഗീകരിക്കുകയല്ലാതെ ഇസ്രായേലിന് മറ്റ് വഴികളില്ലെന്നും വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയത്.
നെതന്യാഹുവിന് മറ്റ് ചോയ്‌സുകളൊന്നുമില്ല. ഞാനാണ് ഇവിടെ തീരുമാനങ്ങൾ എടുക്കുന്നത്. എല്ലാ കാര്യങ്ങളും ഞാൻ മാത്രമാണ് തീരുമാനിക്കുന്നത്, നെതന്യാഹുവല്ല.' - ട്രംപ് വ്യക്തമാക്കി.ഏപ്രിൽ ആദ്യം നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇസ്രായേലിന് നേരെ ഇറാൻ വൻതോതിൽ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. എന്നാൽ, ഇറാന്റെ ആക്രമണം ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഏപ്രിൽ ആദ്യവാരം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ ഇറാനുമായി ആദ്യഘട്ട നയതന്ത്ര ചർച്ചകൾ ആരംഭിച്ചതു മുതൽ കരാർ ഉടൻ സാധ്യമാകുമെന്ന ശക്തമായ നിലപാടിലായിരുന്നു ഡോണൾഡ് ട്രംപ്. എന്നാൽ, അതിൽ നിന്നും വിഭിന്നമായി ഇറാനുമായി ഒരു ഒത്തുതീർപ്പ് ഉടൻ ഉണ്ടാകുമെന്ന കാര്യത്തിൽ ഇത്തവണ ട്രംപ് അത്ര വലിയ ശുഭാപ്തിവിശ്വാസമോ ആവേശമോ പ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. എങ്കിലും ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ മിസൈൽ ആക്രമണം വലിയ ആഘാതമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ ട്രംപ്, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ നിസ്സാരവൽക്കരിക്കുകയും ചെയ്തു. 'നിങ്ങൾ എങ്ങനെ കണക്കുകൂട്ടുന്നു എന്നതിനെ ആശ്രയിച്ച് ഇത് കഴിഞ്ഞ 47 വർഷമായോ അല്ലെങ്കിൽ 3,000 വർഷമായോ നടക്കുന്ന ഒരു കാര്യമാണ്,' എന്നായിരുന്നു ട്രംപിന്റെ പരാമർശം.
ഫോക്സ് ന്യൂസിന് നൽകിയ മറ്റൊരു പ്രതികരണത്തിൽ, ഇറാനെതിരെ യാതൊരുവിധ തിരിച്ചടിയും നൽകരുതെന്ന് താൻ നെതന്യാഹുവിനോട് ആവശ്യപ്പെടുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഇസ്രായേൽ സൈന്യം. ഇറാനോട് ചർച്ചാ മേശയിലേക്ക് തിരിച്ചെത്താൻ ആവശ്യപ്പെട്ട ട്രംപ്, 'നിങ്ങൾ മിസൈലുകൾ അയച്ചു, അത് മതി. ഇനി ചർച്ചയിലേക്ക് മടങ്ങിവരൂ' എന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച ട്രംപും നെതന്യാഹുവും തമ്മിൽ നടന്ന കടുത്ത തർക്കത്തിന്റെ ഫോൺ സംഭാഷണം 'ആക്സിയോസ്' പുറത്തുവിട്ടിരുന്നു. 'നിനക്ക് വട്ടാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീയിപ്പോൾ ജയിലിൽ കിടന്നേനെ. നിന്റെ പ്രവൃത്തികൾ കാരണം ഇപ്പോൾ എല്ലാവരും നിന്നെയും ഇസ്രായേലിനെയും വെറുക്കുന്നു,' എന്ന് ട്രംപ് നെതന്യാഹുവിനോട് ആക്രോശിച്ചതായി യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ഈ ഫോൺ കോൾ നടന്ന കാര്യം ട്രംപ് ഫിനാൻഷ്യൽ ടൈംസിനോട് സ്ഥിരീകരിച്ചു.
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ രണ്ട് കാര്യങ്ങളാണ് മുന്നിലുള്ളതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.മുമ്പ് സൈനികമായി തൊടാതിരുന്ന ഇറാന്റെ ബാക്കി ഭാഗങ്ങൾ കൂടി യു.എസ് സൈന്യത്തെ ഇറക്കി തകർക്കുക.ഇറാന് മേലുള്ള സാമ്പത്തിക-നാവിക ഉപരോധം ശക്തമായി തുടരുക. ഇത് ഏതൊരു സൈനിക ആക്രമണത്തേക്കാളും ശക്തമാണെന്ന് ട്രംപ് അവകാശപ്പെട്ടു.
ലെബനനിലെ ബെയ്റൂത്തിലുള്ള ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്തത്. ഇസ്രായേൽ പൂർണമായി വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ അമേരിക്കയുമായി സ്ഥിരമായ ഒരു കരാറിലെത്തൂ എന്നാണ് ഇറാന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

