‘അവരെ വെടിവെച്ച് കൊല്ലാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്’ -ഹുർമുസിൽ ഇറാൻ ബോട്ടുകളെ ആക്രമിക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാൻ നാവികസേനയുടെ ബോട്ടുകൾക്ക് നേരെ നിറയൊഴിക്കാനും കൊല്ലാനും താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹുർമുസ് കടലിടുക്കിലെ വെള്ളത്തിൽ മൈനുകൾ സ്ഥാപിക്കുന്ന എല്ലാ ബോട്ടുകളെയും നശിപ്പിക്കണമെന്നും തങ്ങളുടെ മൈൻ സ്വീപ്പേഴ്സ് അവ മുഴുവൻ വൃത്തിയാക്കുകയാണെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
‘ഹുർമുസ് കടലിടുക്കിലെ വെള്ളത്തിൽ മൈനുകൾ സ്ഥാപിക്കുന്ന എല്ലാ ബോട്ടുകളെയും വെടിവച്ച് കൊല്ലാൻ ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയോട് ഉത്തരവിട്ടിട്ടുണ്ട്. അവ ചെറിയ ബോട്ടുകളാണെങ്കിലും (അവരുടെ നാവിക കപ്പലുകൾ എല്ലാം, അവയിൽ 159 എണ്ണം, കടലിന്റെ അടിത്തട്ടിലാണ്!). ഒരു മടിയും വേണ്ട. നമ്മുടെ മൈൻ സ്വീപ്പേഴ്സ് ഇപ്പോൾ കടലിടുക്ക് വൃത്തിയാക്കുകയാണ്. ആ പ്രവർത്തനം മൂന്നിരട്ടിയായി തുടരാൻ ഞാൻ ഇതിനാൽ ഉത്തരവിടുന്നു’ -ട്രംപ് കുറിപ്പിൽ പറഞ്ഞു.
അതിനിടെ, ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ച് അമേരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജ് നടത്തിയ വംശീയ പരാമർശങ്ങൾ അതേപടി ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’എന്ന് വിശേഷിപ്പിക്കുന്ന വിഡിയോയിൽ, അമേരിക്കയിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാരെ കടുത്ത ഭാഷയിലാണ് അധിക്ഷേപിക്കുന്നത്. മൈക്കൽ സാവേജിന്റെ ‘സാവേജ് നേഷൻ’ എന്ന പോഡ്‌കാസ്റ്റിലെ ട്രാൻസ്‌ക്രിപ്റ്റും വിഡിയോയുമാണ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്.
‘ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും മറ്റ് ‘നരകക്കുഴികളിൽ’ നിന്നുമാണ് ആളുകൾ അമേരിക്കയിലേക്ക് വരുന്നത്. ഗർഭത്തിന്റെ ഒമ്പതാം മാസത്തിൽ അമേരിക്കയിൽ വന്ന് പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് ഉടൻതന്നെ യു.എസ് പൗരത്വം ലഭിക്കുന്നു. ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാർ ‘ലാപ്ടോപ്പുകളുമായി എത്തിയ ഗുണ്ടകൾ’ ആണ്. ഇവർ അമേരിക്കൻ പതാകയെ അപമാനിച്ചു. മാഫിയാ കുടുംബങ്ങളെക്കാൾ വലിയ ദോഷം രാജ്യത്തിന് വരുത്തി. കാലിഫോർണിയയിലെ ഹൈടെക് കമ്പനികളിൽ വെള്ളക്കാർക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ട്. അവിടുത്തെ സംവിധാനങ്ങളെല്ലാം ഇന്ത്യക്കാരും ചൈനക്കാരും കൈക്കലാക്കി’ -എന്നിങ്ങനെ പോകുന്നു സാവേജിന്റെ അധിക്ഷേപം. ഇതാണ് അപ്പടി ട്രംപ് ഷെയർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

