ഞാൻ അമേരിക്കക്കാരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നില്ല -ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അമേരിക്കയിലുണ്ടാക്കുന്ന സാമ്പത്തിക ആഘാതത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുന്നതായിരുന്നു തന്റെ പ്രധാന ശ്രദ്ധ എന്നും അദ്ദേഹം പറഞ്ഞു. ചൈനയിലേക്കു പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് തന്റെ തീരുമാനങ്ങൾ അമേരിക്കക്കാരുടെ സാമ്പത്തിക ഭാരം വർധിപ്പിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ആശങ്കകളെക്കാൾ ദേശീയ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. "ഇറാനെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ പ്രധാനമായ ഒരേയൊരു കാര്യം -അവർക്ക് ആണവായുധം ഉണ്ടാകരുത്. അമേരിക്കക്കാരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. ഞാൻ ആരെക്കുറിച്ചും ചിന്തിക്കുന്നില്ല. ഞാൻ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നു," ട്രംപ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓഹരി വിപണി റെക്കോർഡ് ഉയരത്തിലാണെന്നും യു.എസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളേക്കാൾ ദേശീയ സുരക്ഷ പ്രധാനമാണെന്നും മിക്ക അമേരിക്കക്കാരും ഈ സമീപനത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പണപ്പെരുപ്പവും ഊർജ ചെലവ് വർധിച്ചതും യു.എസിൽ പ്രതിഷേധം വർധിച്ചുവരുന്നതിനിടെയാണ് ട്രംപിന്റെ അഭിപ്രായപ്രകടനങ്ങൾ.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ചൈനയിലേക്ക് തിരിച്ചിരിക്കുകയാണ് ട്രംപ്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ടാണ് ട്രംപ് ബെയ്ജിങ്ങിലേക്ക് പറന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള നിർണായക ചർച്ച നാളെ നടക്കും.
ഇറാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യു.എസ് മുന്നോട്ടുവെച്ച നിബന്ധനകൾ ഇറാനെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ ചൈനീസ് സന്ദർശനമെന്നത് പ്രധാനമാണ്. എന്നാൽ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ സഹായം ആവശ്യമില്ലെന്നായിരുന്നു ചൈനയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ട്രംപിന്റെ പ്രതികരണം. ഇറാൻ വിഷയം ചൈനയുമായി ഏറെ ചർച്ച ചെയ്തതാണെന്നും ചൈന-യു.എസ് വ്യാപാര കരാറായിരിക്കും സന്ദർശനത്തിലെ പ്രധാന ചർച്ചയെന്നും ട്രംപ് പറഞ്ഞു. ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ഒരു കരാർ തേടുന്ന ട്രംപ്, ഇറാനുമേൽ സമ്മർദം ചെലുത്താൻ ഷി ജിൻപിങ്ങിനോട് ആവശ്യപ്പെടുമെന്ന് നേരത്തേ മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

