‘സൊഹ്റാൻ ജൂതരോട് കരുണയുള്ളവൻ, ഞാൻ അവന്റെ അമ്മൂമ്മ’ -സൊഹ്റാനെ പിന്തുണച്ച് ജൂത പ്രഫസർ
text_fieldsന്യൂയോർക്ക്: സൊഹ്റാൻ മംദാനി ന്യൂയോർക്ക് നഗരത്തിലെ ജൂതരടക്കം എല്ലാവരോടും കരുണയും കരുതലും നൽകുന്ന സുഹൃത്താണെന്ന് ജൂതമത വിശ്വാസിയും ആക്ടിവിസ്റ്റുമായ പ്രഫ. റോസാലിൻഡ് പെഷെസ്‌കി. ഇസ്‌ലാമോഫോബിയ ഉള്ള വിമർശകരാണ് സൊഹ്‌റാൻ മംദാനിയെ ജൂത വിരുദ്ധനായി ചിത്രീകരിക്കുന്നത്. 83 വയസ്സുള്ള ജൂതമത വിശ്വാസി എന്ന നിലയിലും ന്യൂയോർക്കുകാരി എന്ന നിലയിലും സൊഹ്റാൻ മനുഷ്യസ്നേഹിയാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നും അവർ പറഞ്ഞു. ഇത് സൊഹ്റാന്റെ രാഷ്ട്രീയം കൊണ്ട് മാത്രമല്ല, വ്യക്തിപരമായി അദ്ദേഹവുമായി ഇടപഴകിയതിലൂടെ ബോധ്യപ്പെട്ട കാര്യമാണെന്നും റോസാലിൻഡ് zeteo.comI എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
‘സൊഹ്റാൻ ഒരു രാഷ്ട്രീയ പ്രതിഭ മാത്രമല്ല, മനുഷ്യത്വമുള്ള നല്ല മനുഷ്യൻ കൂടിയാണ്. സൗജന്യവും വേഗതയേറിയതുമായ സിറ്റി ബസുകളെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രചാരണ വിഡിയോയിൽ ഞാൻ പങ്കാളിയായി. 80 കഴിഞ്ഞ എന്നെപ്പോലുള്ളവർക്ക്, സൗജന്യ ബസുകൾ ജീവിതത്തിൽ വലിയ മാറ്റം വരുത്തും.’ -അവർ പറഞ്ഞു.
‘ഞാൻ അവന്റെ അമ്മൂമ്മ, അവനെനിക്ക് പേരക്കുട്ടി’
‘പ്രായത്തിലും ജീവിതപശ്ചാത്തലത്തിലും ഒരുപാട് വ്യത്യാസമുണ്ടെങ്കിലും ഞങ്ങളുടെ രാഷ്ട്രീയവും ധാർമികവുമായ നിലപാടുകൾക്ക് ആഴത്തിലുള്ള യോജിപ്പുണ്ട്. പ്രായം കൊണ്ട് സൊഹ്റാന്റെ അമ്മൂമ്മയാണ് ഞാൻ. അവനെനിക്ക് പേരക്കുട്ടിയും. അദ്ദേഹത്തിന്റെ വിജയം യുവജന വോട്ടുകൾ കാരണമാണെന്നാണ് പല നിരീക്ഷകരും ഊന്നിപ്പറയുന്നത്. എന്നാൽ, എന്നെപ്പോലെ ആയിരക്കണക്കിന് മുതിർന്ന ആരാധകരും അദ്ദേഹത്തിന്റെ വിജയത്തിന് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്’ -പ്രഫ. റോസാലിൻഡ് വ്യക്തമാക്കി.
‘2023 മേയിലാണ് സൊഹ്റാനുമായി എനിക്ക് ആദ്യമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചത്. അദ്ദേഹം സെനറ്റർ ജബാരി ബ്രിസ്‌പോർട്ടിനൊപ്പം അവതരിപ്പിച്ച 'നോട്ട് ഓൺ ഔർ ഡൈം ആക്റ്റ്' എന്ന ചരിത്രപരമായ ബില്ലിന് അനുകൂലമായി ഞാൻ തെളിവ് നൽകിയിരുന്നു. ഫലസ്തീൻ ഭൂമിയിലെ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റം, ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കൽ, ഗസ്സ വംശഹത്യ തുടങ്ങിയ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾക്ക് ശക്തിപകരുന്ന ന്യൂയോർക്കിലെ എൻ.ജി.ഒകളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു പ്രസ്തുത ബിൽ.
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് 2023 ഒക്ടോബർ 13ന്, സെനറ്റർ ചക്ക് ഷുമേറിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ഞാനും പങ്കെടുത്തിരുന്നു. പ്രതിഷേധത്തിനിടെ, കൂടുതൽ തിരക്കുള്ള തെരുവിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ സൊഹ്റാൻ എന്റെ കൈ പിടിക്കുകയും മറ്റ് പ്രതിഷേധക്കാർക്കൊപ്പം എത്താൻ എന്നെ സഹായിക്കുകയും ചെയ്തു. ഓരോ ചുവടിലും ഞാൻ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ അദ്ദേഹത്തിന്റെ കരുതൽ ഒരിക്കലും മറക്കില്ല.
മുതിർന്ന ജൂത ആക്ടിവിസ്റ്റായ എന്നെ സൊഹ്റാൻ സ്വന്തം 'നാനി'യെ (ഹിന്ദിയിലും ഉറുദുവിലും അമ്മൂമ്മ) പോലെയാണ് പരിഗണിച്ചത്. ഈ തലത്തിലുള്ള കരുതൽ അദ്ദേഹം ന്യൂയോർക്ക് സിറ്റി മേയർ എന്ന നിലയിലും കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. കടക്കെണിയിലായ ന്യൂയോർക്ക് സിറ്റി ടാക്സി ഡ്രൈവർമാർക്കായി നിരാഹാര സമരം നടത്തിയതിലും ഗസ്സയിൽ വെടിനിർത്തലിനായി നിരാഹാര സമരം നയിച്ചതിലും നിന്ന് അദ്ദേഹത്തിന്റെ നീതിയോടുള്ള പ്രതിബദ്ധതയ്ക്ക് അതിരുകളില്ലെന്ന് മനസ്സിലാക്കാം’ -പ്രഫ. റോസാലിൻഡ് പറഞ്ഞു.
‘നിർഭയവും അന്തസ്സുള്ളതുമായ നഗരം നിർമ്മിക്കാനുള്ള ചരിത്രപരമായ അവസരം’
സൊഹ്റാന്റെ വിജയം, നിർഭയവും അന്തസ്സുള്ളതുമായ ഒരു നഗരം നിർമ്മിക്കാനുള്ള ചരിത്രപരമായ അവസരമാണെന്ന് ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി പ്രഫസർ കൂടിയായ റോസാലിൻഡ് അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ യഹൂദ ജനസംഖ്യയുള്ള നഗരമാണ് ന്യൂയോർക്ക്. സൊഹ്റാന്റെ ഫലസ്തീൻ അനുകൂല നിലപാട് അദ്ദേഹത്തിന് പരാജയം സമ്മാനിക്കുമെന്ന് മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ ഉൾപ്പെടെയുള്ള രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചിരുന്നു. എന്നാൽ, ജൂതരുൾപ്പെടുയുള്ള ന്യൂയോർക്കുകാർ അദ്ദേഹത്തിന്റെ ധാർമിക സ്ഥിരതയെയും നീതിയോടുള്ള പ്രതിബദ്ധതയെയും മാനിക്കുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു.
ഫലസ്തീൻ വിഷയത്തിലുള്ള സൊഹ്റാന്റെ നിലപാടും ഇസ്രായേലിന്റെ സൈനിക നയങ്ങളെക്കുറിച്ചുള്ള വിമർശനവും അദ്ദേഹത്തിന്റെ പ്രചാരണത്തിന് മുതൽക്കൂട്ടാണ് എന്ന് ക്യൂമോ പോലും ഒടുവിൽ സമ്മതിച്ചു. ന്യൂയോർക്ക് പ്രാഥമിക വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ, ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുണ്ടെന്ന മംദാനിയുടെ വിശ്വാസത്തോട് 78% പേർ യോജിച്ചു. ഇസ്രായേലിനുള്ള ആയുധങ്ങൾ നിയന്ത്രിക്കുന്നതിനെ 79% പേർ പിന്തുണയ്ക്കുകയും ചെയ്തു. സൊഹ്റാന്റെ ഫലസ്തീൻ ഐക്യദാർഢ്യം ഒറ്റപ്പെട്ട നിലപാടല്ലെന്നും മറിച്ച് വരാനിരിക്കുന്ന പൊതുജനാഭിപ്രായമാറ്റത്തിന്റെ സൂചനയാണെന്നും ജ്യൂവിഷ് വോയിസ് ഫോർ പീസ് പ്രവർത്തക കൂടിയായ റോസാലിൻഡ് പറഞ്ഞു. ‘നമ്മളെല്ലാം -മുസ്‍ലിംകളും ജൂതരും, ഫലസ്തീനികളും ഇസ്രായേലികളും- ഉൾക്കൊള്ളലും പരസ്പര ബഹുമാനവും സ്നേഹവും പങ്കുവെക്കുമ്പോൾ മാത്രമാണ് കൂടുതൽ സുരക്ഷിതരാകുന്നത്’ -അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

