ഹഷ് മണി കേസിൽ ട്രംപ് കുറ്റക്കാരൻ; തടവോ പിഴയോ ഇല്ല
text_fieldsവാഷിങ്ടൺ: വിവാഹേതരബന്ധം മറച്ചുവെക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് പണം നൽകിയെന്ന ഹഷ് മണി കേസിൽ ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന വിധി ശരിവെച്ച് ന്യൂയോർക്ക് കോടതി. എന്നാൽ
കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും തടവോ, പിഴയോ ചുമത്താൻ കോടതി തയാറായില്ല. ഇതോടെ ശിക്ഷാ ഭീതിയില്ലാതെ വൈറ്റ് ഹൗസിലേക്കെത്താൻ 78 കാരനായ ട്രംപിന് വഴിയൊരുങ്ങി. നാല് വർഷം വരെ തടവ് ശിക്ഷ നൽകാവുന്ന കുറ്റമാണ് ട്രംപിനെതിരെ തെളിഞ്ഞത്. വാക്കിൽ ‘ശിക്ഷ’ വിധിച്ച് കേസ് അവസാനിപ്പിക്കുകയാണ് ന്യൂയോർക്ക് കോടതി ചെയ്തത്. ഇതുവഴി ഭരണഘടന പ്രശ്‌നങ്ങൾ ഒഴിവാക്കുകയുംചെയ്തു.
നീലച്ചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുള്ള 2006ൽ ഉണ്ടായ ബന്ധം മറച്ചുവയ്ക്കാൻ ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് ന്യൂയോർക് ഹഷ്-മണി കേസ്. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണു പണം നൽകിയത്. സാമ്പത്തിക ഇടപാടുകൾ രേഖകളിൽ ‘നിയമപരമായ ചെലവുകൾ’ ആയാണ് ട്രംപ് രേഖപ്പെടുത്തിയത്. 2016ലെ തെരഞ്ഞെടുപ്പ് തനിക്കനുകൂലമാക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരുന്നത്.
രണ്ടുമാസം നീണ്ട വിചാരണയിൽ എല്ലാ കുറ്റങ്ങളും തെളിയുകയുംെചയ്തിരുന്നു. കേസിൽ വിധി പറയുന്നതു നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നൽകിയ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടയാണു ന്യൂയോർക്ക് കോടതി വിധി പ്രഖ്യാപിച്ചത്. ഫ്ലോറിഡയിലെ വീട്ടിൽ നിന്ന് ഓൺലൈനായാണ് ട്രംപ് കോടതിയിൽ ഹാജരായത്. കുറ്റവും ചെയ്തിട്ടില്ലെന്ന് ട്രംപ് ആവർത്തിച്ചു. പ്രസിഡന്റാകാൻ പോകുന്ന ട്രംപിനു ജയിൽശിക്ഷ വിധിക്കാൻ താൽപര്യമില്ലെന്ന് നേരത്തെതന്നെ ജഡ്ജി ജുവാൻ മെർച്ചൻ സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.