'ആദ്യം എന്റെ ഭാര്യയെ രക്ഷിക്കൂ, അവൾക്ക് നീന്താനറിയില്ല'; പ്രളയ ജലത്തിൽ മുങ്ങിത്താഴുന്നതിനിടെ ചൈനീസ് യുവാവ് രക്ഷാപ്രവർത്തകരോട് പറഞ്ഞു
text_fieldsബെയ്ജിങ്: പ്രളയജലത്തിൽ മുങ്ങിത്താഴുന്നതിനിടയിലും ഹൃദയാലുവായ ആ മനുഷ്യൻ ചിന്തിച്ചത് തന്റെ ഭാര്യയെ കുറിച്ചായിരുന്നു. അവളെങ്ങനെ രക്ഷപ്പെടും എന്നായിരുന്നു ആ മനുഷ്യന്റെ വേവലാതി. ഒടുവിൽ രക്ഷാപ്രവർത്തകർ തന്റെയരികിലെത്തിയപ്പോൾ മറ്റൊന്നും നോക്കാതെ, ഭാര്യയെ രക്ഷിക്കൂ എന്നാണ് ആ മനുഷ്യന് കേണത്.
ആ യുവാവ് രക്ഷാപ്രവർത്തകരോട് പറഞ്ഞ ഹൃദയം തൊടുന്ന വാചകങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തകരോട് ആദ്യം തന്റെ ഭാര്യയെ രക്ഷിക്കൂ എന്നും അവൾക്ക് നീന്തലറിയില്ല എന്നുമാണ് യുവാവ് പറയുന്നത്. എനിക്ക് നീന്താനറിയാം. അതിനാൽ ആദ്യം അവളെ രക്ഷിക്കൂ എന്നും യുവാവ് പറഞ്ഞു.
വടക്കൻ ചൈനയിലാണ് മിന്നൽ പ്രളയം കനത്ത നാശംവിതച്ചത്. ''ആദ്യം എന്റെ ഭാര്യയെ രക്ഷിക്കൂ, അവൾക്ക് നീന്തലറിയില്ല''എന്നാണ് യുവാവ് പറഞ്ഞതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
യുവാവിന്റെ അഭ്യർഥനയനുസരിച്ച് രക്ഷാപ്രവർത്തകർ ആദ്യം യുവതിയെ രക്ഷപ്പെടുത്തി. അതിനു ശേഷം ദമ്പതികളെ സുരക്ഷിതമാക്കി ഒരിടത്ത് എത്തിച്ചു. വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ഇരുവരും പരസ്പരം ആലിംഗനം ചെയ്തു.
''ആ സമയത്ത് ഞങ്ങൾ വല്ലാതെ ഭയന്നുപോയി. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി. ഇതുവരെ ഇങ്ങനെയുള്ള ഒരു ഭയാനക സാഹചര്യം അഭിമുഖീകരിച്ചിട്ടില്ല''- ലിയു പറയുന്നു.
നീന്തലറിയാത്തതിനാനൽ തന്റെ ഭാര്യ കരയുകയായിരുന്നുവെന്നും ലിയു പറഞ്ഞു. തന്റെ മനസിലുണ്ടായിരുന്നത് അവൾ എങ്ങനെയെങ്കെിലും രക്ഷപ്പെടട്ടെ എന്നായിരുന്നുവെന്നും ലിയു കൂട്ടിച്ചേർത്തു. ഭാര്യയുടെ ജീവൻ രക്ഷിച്ച രക്ഷാസംഘത്തിന് ലിയു നന്ദിയും പറഞ്ഞു. റെഡ്നോട്ടിലടക്കം നിരവധി സാമൂഹിക മാധ്യമങ്ങളിലാണ് ഇതിന്റെ വിഡിയോ പ്രചരിച്ചത്.
ഇങ്ങനെയുള്ള ഒരു ഭർത്താവിനെ ലഭിച്ച ആ യുവതി ഏറെ ഭാഗ്യവതിയാണെന്നാണ് ഒരാൾ പ്രതികരിച്ചത്. ഇങ്ങനെ ദുരന്തമുഖത്ത് നിൽക്കുമ്പോൾ സ്വന്തം ജീവൻ കണക്കിലെടുക്കാതെ, പങ്കാളിയെ രക്ഷപ്പെടുത്തണമെന്ന് പറയാൻ എത്രപേർക്ക് സാധിക്കുമെന്ന് മറ്റൊരാൾ ചോദിച്ചു. ഭർത്താവിന്റെ ഉത്തരവാദിത്തം കണ്ട് സന്തോഷം തോന്നിയെന്ന് രക്ഷാപ്രവർത്തകരും പറഞ്ഞു.
ലളിതമായ ജീവിതം നയിക്കുന്നവരാണ് ഈ ദമ്പതികൾ. എന്നാൽ നിർണായക ഘട്ടങ്ങളിൽ ഇവർ പരസ്പരം താങ്ങായി നിൽക്കുന്നു. അതിശയിപ്പിക്കുന്നതാണിത് എന്നാണ് ഒരാൾ വിഡിയോക്ക് താഴെ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

