യു.എസിൽ ചുഴലിക്കാറ്റ്; 34 മരണം
text_fieldsയു.എസ് സംസ്ഥാനമായ മിസൂറിയിലെ പോപ്ലർ ബ്ലഫ് നഗരത്തിൽ ചുഴലിക്കാറ്റിൽ തകർന്ന വീടുകൾക്കിടയിൽ തിരച്ചിൽ നടത്തുന്നവർ
ഓക്ലഹോമ സിറ്റി: യു.എസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായി ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 34 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുകണക്കിന് വീടുകളും വാഹനങ്ങളും തകർന്നു.
മിഷിഗൻ, മിസൂറി, ഇലനോയ് തുടങ്ങിയ മേഖലകളിൽ വൈദ്യുതി വിതരണം താറുമാറായതിനാൽ 2.50 ലക്ഷം പേർ ഇരുട്ടിലാണ്. കാൻസസിൽ ശക്തമായ പൊടിക്കാറ്റിൽ 55ൽ ഏറെ വാഹനങ്ങൾ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ചാണ് എട്ടുപേർ മരിച്ചത്.
മിസിസിപ്പിയിൽ ആറുപേർ മരിച്ചതായും മൂന്നുപേരെ കാണാതായതായും ഗവർണർ ടാറ്റെ റീവ്സ് അറിയിച്ചു. മിസൂറിയിൽ 12 പേർ മരിച്ചു.
കാലാവസ്ഥ അനുകൂലമാകുന്നതു വരെ സുരക്ഷിത സ്ഥാനങ്ങളിൽ മാറിതാമസിക്കണമെന്ന് പൊതുജനങ്ങൾക്ക് ദേശീയ കാലാവസ്ഥ സേവന കേന്ദ്രം നിർദേശം നൽകി. വെള്ളിയാഴ്ച മുതൽ യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിരുന്നു. മിസൂറി, ആർകൻസോ, ടെക്സസ്, ഓക്ലഹോമ എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട സംസ്ഥാനങ്ങൾ.
വരും ദിവസങ്ങളിലും മോശംകാലാവസസ്ഥ തുടരുമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും ചുഴലിക്കാറ്റ് വീശുമെന്നും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെന്നസിയിലെ ഷെൽബി കൗണ്ടിയിൽ മണിക്കൂറിൽ 97 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. മിസൂറിയിലെ 25 കൗണ്ടികളിലായി 19 ചുഴലിക്കാറ്റുകൾ വീശിയതായാണ് പ്രാഥമിക വിവരം.
ആർകൻസോ, ജോർജിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിൽ നൂറോളം കാട്ടുതീ പിടിച്ചതായി സി.ബി.എസ് ചാനൽ റിപ്പോർട്ട് ചെയ്തു. ഓക്ലഹോമയിൽ കാട്ടുതീയിൽ 27,500 ഏക്കർ പ്രദേശം കത്തിനശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

