'നെതന്യാഹു ചെകുത്താന്റെ അവതാരം'; ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജോ ബൈഡൻറെ മകൻ
text_fieldsവാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ. നെതന്യാഹു 'മനുഷ്യരൂപം പൂണ്ട ചെകുത്താനാണെന്നും' ഇസ്രായേൽ ഭരണകൂടത്തിന്റെ ക്രൂരതകളെ വിമർശിക്കുന്നത് ഒരിക്കലും ജൂതവിരുദ്ധതയായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ടക്കർ കാൾസണുമായുള്ള 'ദ ടക്കർ കാൾസൺ ഷോ' എന്ന പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ഹണ്ടർ നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേലിന്റെ നയങ്ങളെയും നെതന്യാഹുവിനെയും വിമർശിക്കുന്നവരെ ജൂതവിരുദ്ധരായി മുദ്രകുത്തുന്ന രീതിയെ ഹണ്ടർ ശക്തമായി അപലപിച്ചു. "നിങ്ങളെ (ടക്കർ കാൾസൺ) ജൂതവിരുദ്ധനെന്ന് മുദ്രകുത്തുന്നതുകൊണ്ട് ഞാൻ നിങ്ങളെ വെറുക്കണമെന്നാണ് പലരും കരുതുന്നത്. എന്നാൽ നിങ്ങൾ ജൂതവിരുദ്ധനല്ലെന്ന് എനിക്കുറപ്പുണ്ട്. ബിന്യമിൻ നെതന്യാഹു സാക്ഷാൽ ചെകുത്താനാണെന്ന് തുറന്നുപറയുന്നത് ജൂതവിരുദ്ധതയാണെന്ന് ആരെങ്കിലും വാദിച്ചാൽ, അവരോട് എന്ത് പറയണമെന്നെനിക്കറിയില്ല," ഹണ്ടർ വ്യക്തമാക്കി.
ഗസ്സയിലും ഇസ്രായേലിലും നടക്കുന്ന കാര്യങ്ങൾ നിഷ്പക്ഷമായി മനസിലാക്കാൻ ജനങ്ങൾ കണ്ണും ഹൃദയവും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവിടെ നടക്കുന്ന അനീതികളെയും കെടുതികളെയും കണ്ടില്ലെന്ന് നടിക്കാൻ ലോകത്തിന് ഇനിയാർക്കും കഴിയില്ലെന്നും ഇസ്രായേൽ നയങ്ങളെ വിമർശിക്കുന്നവരെ ജൂതവിരുദ്ധരായി ലേബൽ ചെയ്യുന്ന രീതി ഇനി വിലപ്പോകില്ലെന്നും ഹണ്ടർ കൂട്ടിച്ചേർത്തു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഹണ്ടർ ബൈഡന്റെ പ്രതിച്ഛായ തകർക്കാൻ കാരണമായ 'ലാപ്‌ടോപ്പ് വിവര ചോർച്ച'യ്ക്ക് പിന്നിലെ ഇസ്രായേൽ ബന്ധത്തെക്കുറിച്ചുള്ള ടക്കർ കാൾസണിന്റെ വെളിപ്പെടുത്തലും അഭിമുഖത്തിൽ വലിയ ചർച്ചയായി. ഈ ചോർച്ചയ്ക്ക് പിന്നിൽ റഷ്യയാണെന്നായിരുന്നു അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളുടെ പ്രചാരണം. എന്നാൽ, യഥാർത്ഥത്തിൽ ഇസ്രായേലി വൃത്തങ്ങളും അവരുമായി ബന്ധമുള്ള സംഘങ്ങളുമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് കാൾസൺ ആരോപിച്ചത്.
തന്റെ മുൻകാല മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും സ്വന്തം കുടുംബത്തിനും രാഷ്ട്രീയ ജീവിതത്തിനും എതിരെ ഉണ്ടായ കടന്നാക്രമണങ്ങളെക്കുറിച്ചും ഹണ്ടർ അഭിമുഖത്തിൽ മനസ്സ് തുറന്നു. അമേരിക്കൻ രാഷ്ട്രീയത്തിൽ തീർത്തും വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന ലിബറൽ ഡെമോക്രാറ്റ് നേതാവിന്റെ മകനായ ഹണ്ടർ ബൈഡനും തീവ്ര വലതുപക്ഷ വക്താവായ ടക്കർ കാൾസണും ഇസ്രായേൽ വിഷയത്തിൽ ഒരേ നിലപാടിലെത്തിയത് യു.എസ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

