Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുദ്ധം, ഇന്ധനവില വർധന: 16 രാജ്യങ്ങളിൽ പട്ടിണി രൂക്ഷമാകും

text_fields
bookmark_border
‘ഹംഗർ ഹോട്ട്‌സ്‌പോട്ട്‌സ്’ റിപ്പോർട്ടിലാണ് മുന്നറിയിപ്പ്
യുദ്ധം, ഇന്ധനവില വർധന: 16 രാജ്യങ്ങളിൽ പട്ടിണി രൂക്ഷമാകും
cancel

കൈറോ: പശ്ചിമേഷ്യയിലെ യുദ്ധവും ഇന്ധനവില കുതിച്ചുയരുന്നതും മാനുഷിക സഹായം വെട്ടിക്കുറച്ചതും മൂലം അടുത്ത ആറു മാസത്തിനിടെ ലോകത്തെ 16 രാജ്യങ്ങളിൽ പട്ടിണി കൂടുതൽ രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.

യുദ്ധക്കെടുതിയിൽ വലയുന്ന സുഡാൻ, യമൻ, ദക്ഷിണ സുഡാൻ, സോമാലിയ, വടക്കൻ നൈജീരിയ എന്നിവിടങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരമാകുകയെന്ന് യു.എൻ ഭക്ഷ്യ-കാർഷിക സംഘടനയും (എഫ്.എ.ഒ) ലോക ഭക്ഷ്യ പദ്ധതിയും (ഡബ്ല്യു.എഫ്.പി) സംയുക്തമായി പുറത്തിറക്കിയ ‘ഹംഗർ ഹോട്ട്‌സ്‌പോട്ട്‌സ്’ റിപ്പോർട്ടിൽ പറയുന്നു. 2022 മുതൽ ഈ രാജ്യങ്ങൾ തുടർച്ചയായി പട്ടികയിൽ ഇടംപിടിക്കുന്നുണ്ട്.

2025 ഒക്ടോബറിൽ ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നതിനെ തുടർന്ന് ഫലസ്തീൻ പ്രദേശങ്ങളെ അതീവ ഗുരുതര വിഭാഗത്തിൽനിന്ന് ഒരു പടി താഴേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ, ഗസ്സയിലെ 67 ശതമാനം ജനങ്ങളും ഇപ്പോഴും ഗുരുതരമോ അതീവ ഗുരുതരമോ ആയ ഭക്ഷ്യപ്രതിസന്ധി നേരിടുകയാണ്. ഇപ്പോഴുണ്ടായിട്ടുള്ള നേരിയ പുരോഗതി എപ്പോൾ വേണമെങ്കിലും തകിടംമറിയാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

സുഡാനിലെ വടക്കൻ ദാർഫുർ, ദക്ഷിണ കോർഡോഫാൻ എന്നിവിടങ്ങളിലെ 13 പ്രദേശങ്ങളിൽ ജനുവരി വരെ അതിതീവ്ര ക്ഷാമത്തിനുള്ള സാധ്യത നിലനിൽക്കുന്നു. രാജ്യത്തെ 41 ശതമാനം വരുന്ന 1.95 കോടി ജനങ്ങൾ ഗുരുതര ഭക്ഷ്യപ്രതിസന്ധി നേരിടുന്നതായാണ് ഏറ്റവും പുതിയ വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ഉയരുന്നതുമൂലം ആഗോള കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കുന്ന എൽ നിനോ പ്രതിഭാസത്തെ തുടർന്നുള്ള വരൾച്ചയും സുഡാനിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു.

പ്രധാന കാർഷിക സംസ്ഥാനങ്ങളായ സെന്നാറിലെ 55 ശതമാനം വരെയും ഗദാരിഫിലെ 70 ശതമാനം വരെയും കൃഷിയിടങ്ങളെ വരൾച്ച ബാധിച്ചിട്ടുണ്ട്. യുദ്ധം ഭക്ഷ്യോൽപാദനത്തിനുണ്ടാക്കിയ തിരിച്ചടി വരൾച്ച കൂടുതൽ ഗുരുതരമാക്കുകയാണെന്ന് എഫ്.എ.ഒ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബെത്ത് ബെക്ഡോൾ പറഞ്ഞു.

ജൂലൈയിൽ പുനരാരംഭിച്ച പോരാട്ടം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതോടെ യമനിലും പട്ടിണി രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ 2014ൽ തലസ്ഥാനമായ സൻആ പിടിച്ചെടുത്തതോടെയാണ് യമനിൽ യുദ്ധം ആരംഭിച്ചത്. തൊട്ടടുത്ത വർഷം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന സംഘർഷത്തിൽ ഇടപെട്ടു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - War and rising fuel prices: Hunger to worsen in 16 countries
Next Story