'അന്നം തരുന്ന കൈകളിൽ കടിക്കരുത്' കർഷകർക്ക് പിന്തുണയുമായി അമേരിക്കയിൽ റാലി
text_fieldsമിഷിഗൺ: കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി അമേരിക്കയിലെ മിഷിഗണിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കാർഷിക ബിൽ കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും വ്യവസായത്തെ നശിപ്പിക്കുകയും ചെയ്യുന്നുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
മിഷിഗനിലെ സിഖ് വംശജർ, മറ്റ് ഇന്ത്യക്കാർ എന്നിവരുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കാന്റൺ ടൗൺഷിപിലെ ഹെറിറ്റേജ് പാർക്കിൽ നടന്ന പരിപാടിയിൽ പലരും കുടുംബവുമായാണ് എത്തിയത്. 'ഞങ്ങൾ കർഷകർക്കൊപ്പമാണ്, അന്നം തരുന്ന കൈകളിൽ കടിക്കരുത്' -പ്രതിഷേധക്കാർ പറഞ്ഞു.
'സർക്കാർ മനുഷ്യാവകാശങ്ങളെ ആസൂത്രിതമായി അടിച്ചമർത്തുകയാണ്. നമ്മുടെ പൂർവ്വികർ കാലങ്ങളായി പരിശ്രമിച്ച് വളർത്തിയെടുത്തതാണ് കൃഷി. എന്നാൽ ഇന്ന് അവരുടെ ഭാവി അപകടത്തിലാണ്. സർക്കാർ അനാവശ്യ നിയമങ്ങൾ അവർക്കെതിരെ ചുമത്തുകയാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെ കണ്ണീർ വാതകവും ജലപീരങ്കികളും ഉപയോഗിച്ച് ഇന്ത്യൻ സർക്കാർ മർദ്ദിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
സർക്കാർ അവരുടെ ശബ്ദം അടിച്ചമർത്തുകയാണ്, അത് കർഷകർക്കുള്ള ബില്ലാണെങ്കിൽ അവർ കർഷകരുമായി ആത്മാർഥമായി സംസാരിക്കണം, തങ്ങൾക്ക് നല്ലത് എന്താണെന്ന് കർഷകർക്ക് നന്നായി അറിയാം. മോദിയും നേതാക്കളും കർഷകരുടെ ആശങ്കകൾ തള്ളിക്കളയുകയാണ്. അവരെ 'വഴിതെറ്റിയവർ' എന്നും 'ദേശവിരുദ്ധർ' എന്നും വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
കർഷക സമരത്തിന് പിന്തുണയുമായി കാനഡ, യു.കെ, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ വൻ പ്രതിഷേധം കഴിഞ്ഞദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

