വെസ്റ്റ് ബാങ്കിൽ റെയ്ഡുകൾ കടുപ്പിച്ച് ഇസ്രായേൽ; ആക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികൾക്ക് പരിക്ക്
text_fieldsജറൂസലേം: വെസ്റ്റ് ബാങ്കിലെ ഗവർണറേറ്റായ ടുബാസിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 200 ലധികം ഫലസ്തീനികൾക്ക് പരിക്കേറ്റു. വ്യാപകമായ നാശം വിതച്ച് ദിവസങ്ങളായി അധിനിവേശ പ്രദേശത്തിന്റെ വടക്കൻ ഭാഗങ്ങളിൽ സേന വലിയതോതിൽ റെയ്ഡുകൾ തുടരുകയാണ്. ടുബാസിൽ നടത്തിയ ആക്രമണങ്ങളിൽ പരിക്കേറ്റവരിൽ 78 പേർക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമായി വന്നുവെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.
തമ്മുനിൽ നിന്നും ഫാരയിൽ നിന്നുമുള്ള അഭയാർഥി ക്യാമ്പുകളിൽനിന്ന് പിൻവാങ്ങിയ ശേഷം ഇസ്രായേൽ പട്ടാളക്കാർ ടുബാസ് നഗരത്തിലേക്കും സമീപത്തുള്ള അഖാബ, തയാസീർ ഗ്രാമങ്ങളിലേക്കും റെയ്ഡുകൾ മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ സൈന്യം 200 ഫലസ്തീനികളെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. മിക്കവരെയും സ്ഥലത്തുവെച്ചുതന്നെ ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാൽ, എട്ട് പേരെയെങ്കിലും അറസ്റ്റ് ചെയ്ത് ഇസ്രായേൽ സൈനിക ജയിലുകളിലേക്ക് കൊണ്ടുപോയി. ഖൽഖില്യ, ജെനിൻ, നബുലസ് എന്നിവിടങ്ങളിലെ മറ്റ് സൈനിക റെയ്ഡുകളിൽ ഒമ്പത് ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു. ഖൽഖില്യയിൽ പുലർച്ചെ അറസ്റ്റു ചെയ്ത അഞ്ച് പേരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെട്ടതായി വഫ വാർത്താ ഏജൻസി പറഞ്ഞു.
2023 ഒക്ടോബർ മുതൽ ഇസ്രായേലി പട്ടാളക്കാരുടെ അക്രമാസക്തമായ റെയ്ഡുകളും സായുധ കുടിയേറ്റക്കാരുടെ ആക്രമണങ്ങളും വർധിച്ചിരിക്കുകയാണ്. നവംബറിനുശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽ എല്ലാ ദിവസവും ശരാശരി 47 സൈനിക കയ്യേറ്റങ്ങൾ വീതം നടക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടുബാസ് ഗവർണറേറ്റിലെ പട്ടണം ഡസൻ കണക്കിന് റെയ്ഡുകൾക്ക് വിധേയമായി. ഈ ആഴ്ചയിലെ റെയ്ഡുകൾ വ്യാപ്തി, നാശം, അക്രമം എന്നിവയുടെ കാര്യത്തിൽ ഏറ്റവും മോശമായിരുന്നുവെന്ന് തമ്മുൻ മേയർ പറഞ്ഞു. റോഡുകൾ തകർന്നു, ജലവിതരണ ശൃംഖലകലും സ്വകാര്യ സ്വത്തുക്കളും നശിപ്പിക്കപ്പെട്ടു, ആളുകളെ കഠിനമായി മർദ്ദിച്ചു, അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളമുള്ള മറ്റ് പ്രധാന ഇസ്രായേലി സൈനിക ആക്രമണങ്ങളുടെ മാതൃക ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

