മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ച് കൊന്നതിന് പിന്നാലെ ഇസ്രായേലിൽ പ്രതിഷേധം ശക്തമാവുന്നു
text_fieldsതെൽ അവീവ്: മുന്ന് ബന്ദികളെ അബദ്ധത്തിൽ ഇസ്രായേൽ സേന വെടിവെച്ച് കൊന്നതിന് പിന്നാലെ ഹമാസിന്റെ തടവിലുള്ള മുഴുവൻ പേരെയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ബന്ദികളുടെ മോചനം ഉടൻ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകി വലിയ പ്രതിഷേധമാണ് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ അരങ്ങേറിയത്.
കാപ്ലാൻ ജംങ്ഷനിൽ റോഡ് ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാൻ കിരയയിലെ ഇസ്രായേൽ പ്രതിരോധസേനയുടെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. നമ്മുടെ സമയം തീരുകയാണെന്നും ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അവസാനത്തെ ബന്ദിയും മോചിപ്പിക്കപ്പെടുന്നത് വരെ യുദ്ധത്തിൽ വിജയമുണ്ടാവില്ലെന്നും അവർ പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നിരുന്നു. വടക്കൻ ഗസ്സയിലെ ശുജാഇയ്യയിലെ പോരാട്ടത്തിനിടെയാണ് സംഭവം. ഹമാസ് നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെട്ട് എത്തിയെന്ന് ഇസ്രായേൽ സൈന്യം പറയുന്ന മൂന്നു പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. അക്രമത്തിന് എത്തിയവരെന്ന് സംശയിച്ച് മൂന്നുപേർക്കെതിരെയും സേന വെടിയുതിർക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് ഇവർ നേരത്തെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാണെന്ന് വ്യക്തമായത്.
ഒക്ടോബർ ഏഴിന് നിർ ആമിലെ തൊഴിൽ സ്ഥലത്തുനിന്നാണ് ഇവരെ ഹമാസ് റാഞ്ചിയിരുന്നത്. വെടിവെച്ചുകൊന്ന ശേഷം സംശയം വന്നതോടെയാണ് പരിശോധന നടത്തിയതെന്നും തിരിച്ചറിഞ്ഞതെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ബന്ദികളെ ഹമാസ് ഉപേക്ഷിച്ചതാകാമെന്നും അതല്ല, ഓടിരക്ഷപ്പെട്ടതാകാനും സാധ്യതയുള്ളതായി ഹഗാരി പറഞ്ഞു. സംഭവത്തിൽ ഇസ്രായേൽ സൈന്യം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

