ഇസ്രായേലിന്റെ പ്രതികാര നടപടി വീണ്ടും; ഗസ്സയിലേക്ക് സഹായമെത്തിക്കുന്ന ട്രക്കുകളുടെ എണ്ണം പകുതിയാക്കി കുറച്ചു
text_fieldsതെൽ അവിവ്: ഗസ്സയിൽനിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുന്നതിൽ പ്രതികാര നടപടിയുമായി ഇസ്രായേൽ സൈന്യം. ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അനുവദിച്ച ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് വെടിനിർത്തൽ ലംഘിക്കുമെന്ന് സൈന്യം അറിയിച്ചു.
സഹായം കൈമാറുന്നതിന്റെ ചുമതലയുള്ള സൈനിക ഏജൻസി ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചു. ബുധനാഴ്ച മുതൽ ഗാസ മുനമ്പിലേക്ക് പ്രതിദിനം 300 സഹായ ട്രക്കുകൾ മാത്രമേ അനുവദിക്കൂ എന്ന് ഇസ്രായേൽ ഐക്യരാഷ്ട്രസഭയെ അറിയിച്ചു
ട്രക്കുകളുടെ എണ്ണം കുറക്കുന്നത് യു.എസ് ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര സന്നഗ്ധ സംഘടനകളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേൽ സർക്കാർ പ്രതികരിച്ചിട്ടില്ല.
28 മൃതദേഹങ്ങളിൽ നാലെണ്ണമാണ് തിങ്കളാഴ്ച എത്തിച്ചിരുന്നത്. നടപടി വേഗത്തിലാക്കാൻ അന്താരാഷ്ട്ര മധ്യസ്ഥർ വഴി ഇസ്രായേൽ ഹമാസിൽ സമ്മർദം ചെലുത്തുന്നുണ്ട്.
വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; ഗസ്സയിൽ ഏഴു മരണം, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിത്തുടങ്ങി
ഗസ്സ സിറ്റി: ഗസ്സയിൽ യുദ്ധവിരാമ പ്രഖ്യാപനത്തിന് 24 മണിക്കൂർ കഴിയുംമുമ്പേ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ സൈന്യം. ചൊവ്വാഴ്ച ഗസ്സയിലെ രണ്ടിടങ്ങളിലുണ്ടായ സൈനികാക്രമണത്തിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഗസ്സ സിറ്റിയിലെ ശുജാഇയ്യയിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ആറുപേർ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിലെ അൽ ഫുഖാരിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. വെടിനിർത്തലിനെ തുടർന്ന് മാസങ്ങൾക്കുശേഷം വീടുകൾ തേടി മേഖലയിലേക്ക് തിരിച്ചെത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച ഈജിപ്തിലെ ശറമുശ്ശൈഖിൽ ഇസ്രായേൽ-ഹമാസ് ചർച്ചയെതുടർന്നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിലായത്. തിങ്കളാഴ്ച രാത്രി ഈജിപ്തിൽ നടന്ന ഗസ്സ അന്താരാഷ്ട്ര ഉച്ചകോടിയിൽ ഗസ്സയിൽ യുദ്ധവിരാമമായതായി പ്രഖ്യാപനവും നടന്നിരുന്നു. ഇതിനുപിന്നാലെയാണ് വെടിനിർത്തൽ ലംഘിക്കപ്പെട്ടത്. അതേസമയം, ആക്രമണത്തെ ഇസ്രായേൽ ന്യായീകരിച്ചു.
സൈനിക മേഖലയിലേക്ക് കടന്നുകയറിയ ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. സംഭവത്തെ ഹമാസ് അപലപിച്ചു. വെടിനിർത്തൽ ഉറപ്പുവരുത്താൻ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
വെടിനിർത്തൽ ധാരണയെ തുടർന്ന് കഴിഞ്ഞദിവസം ഇരുപക്ഷത്തുനിന്നുമുള്ള ബന്ദികളുടെ മോചനം നടന്നിരുന്നു. ബന്ദികളാക്കപ്പെട്ടവരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ചൊവ്വാഴ്ച കൈമാറി തുടങ്ങിയിരുന്നു. 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ഇസ്രായേൽ ജയിൽ അധികൃതർ കൈമാറി. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന്റെ സമ്പൂർണ പിന്മാറ്റം ഉടനുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പാർലമെന്റിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

