Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ റഫയിൽ...

ഇസ്രായേൽ റഫയിൽ നിർമിക്കുന്ന ‘മാനുഷിക നഗരം’ ഫലസ്തീനികൾക്കുള്ള കോൺസൻട്രേഷൻ ക്യാമ്പെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി

text_fields
bookmark_border
ഇസ്രായേൽ റഫയിൽ നിർമിക്കുന്ന ‘മാനുഷിക നഗരം’ ഫലസ്തീനികൾക്കുള്ള കോൺസൻട്രേഷൻ ക്യാമ്പെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി
cancel

ലണ്ടൻ: തെക്കൻ ഗസ്സയിലെ റഫയുടെ അവശിഷ്ടങ്ങളിൽ പണിയാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി നിർദേശിച്ച ‘മാനുഷിക നഗരം’ ഒരു തടങ്കൽപ്പാളയമായിരിക്കുമെന്നും ഫലസ്തീനികളെ അതിനകത്താക്കുന്നത് വംശീയ ഉന്മൂലനത്തിനാവുമെന്നും മുൻ ഇസ്രായേൽ പ്രധാനമന്ത്രി യെഹൂദ് ഒൽമെർട്ട്. ഇസ്രായേൽ ഇതിനകം ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുദ്ധക്കുറ്റങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ക്യാമ്പിന്റെ നിർമാണം ആ കുറ്റങ്ങളുടെ വൻ വർധനവിന് കാരണമാകുമെന്നും ഒൽമെർട്ട് പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഇസ്രായേൽ മന്ത്രിയായ ഇസ്രായേൽ കാറ്റ്സ് തയ്യാറാക്കിയ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഗാർഡിയനോട് പറഞ്ഞ കാര്യമാണിത്. തെക്കൻ ഗസ്സയുടെ അവശിഷ്ടങ്ങളിൽ ‘മാനുഷിക നഗരം’ നിർമിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ സൈന്യത്തോട് കാറ്റ്സ് ഉത്തരവിട്ടിട്ടുണ്ട്. ഒരിക്കൽ അതിന്റെ അകത്തുകടന്നാൽ മറ്റ് രാജ്യങ്ങളിലേക്കല്ലാതെ പുറ​​ത്തേക്കു പോകാൻ ഫലസ്തീനികളെ അനുവദിക്കില്ലെന്ന് കാറ്റ്സ് പറഞ്ഞിരുന്നു. തുടക്കത്തിൽ 600,000 ആളുകളെയും ഒടുവിൽ മുഴുവൻ ഫലസ്തീൻ ജനതയെയും പാർപ്പിക്കാൻ പാകത്തിലാണ് ഇത് തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ട്.

‘അവരെ (ഫലസ്തീനികളെ) പുതിയ ‘മാനുഷിക നഗര’ത്തിലേക്ക് നാടുകടത്തിയാൽ, ഇത് ഒരു വംശീയ ഉന്മൂലനത്തിന്റെ ഭാഗമാണെന്ന് ഞാൻ പറയും. അത് ഇതുവരെ സംഭവിച്ചിട്ടില്ല’ -ഒൽമെർട്ട് പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ക്യാമ്പ് സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമത്തിന്റെയും ‘അനിവാര്യമായ വ്യാഖ്യാനം’ അങ്ങനെയിരിക്കുമെന്നും ‘മാനുഷിക നഗരം’ എന്ന പരാമർശം ചൂണ്ടിക്കാട്ടി ഒൽമർട്ട് പറഞ്ഞു.

‘മാനുഷിക നഗരം’ പദ്ധതിയെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പിന്തുണക്കുന്നു. ഗസ്സയുടെ പകുതിയിലധികം പ്രദേശങ്ങളും ശുദ്ധീകരിക്കാൻ അവർ ഒരു ക്യാമ്പ് നിർമിക്കുമ്പോൾ അതിന്റെ ലക്ഷ്യം ഫലസ്തീനികളെ രക്ഷിക്കുക എന്നതല്ല അവരെ നാടുകടത്തുക, തള്ളിവിടുക, വലിച്ചെറിയുക എന്നതാണെന്നും ഒൽമർട്ട് പറഞ്ഞു.

ഇസ്രായേലി മനുഷ്യാവകാശ അഭിഭാഷകരും പണ്ഡിതന്മാരും ഈ പദ്ധതിയെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ ഒരു ബ്ലൂ പ്രിന്റ് ആയി വിശേഷിപ്പിച്ചു. നടപ്പിലാക്കിയാൽ അത് വംശഹത്യയുടെ കുറ്റകൃത്യമായി കണക്കാക്കാമെന്നും ചിലർ മുന്നറിയിപ്പ് നൽകി. പദ്ധതിയിട്ട ‘മാനുഷിക നഗരം’ ഒരു കോൺസെൻട്രേഷൻ ക്യാമ്പ് ആണെന്ന് വിശേഷിപ്പിച്ച മറ്റ് ഇസ്രായേലികൾ നാസി ജർമനിയുമായി അതിനെ താരതമ്യപ്പെടുത്തിയതിന് ആക്രമിക്കപ്പെടുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ehud olmertconcentration campHumanitarianPalestinian rightsGaza GenocideMiddle East News
Next Story