ചൈന കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നു; ആശങ്കയറിയിച്ച് ലോക രാജ്യങ്ങൾ
text_fieldsബെയ്ജിങ്: ഉയ്ഗൂർ വംശജർക്കും മറ്റ് മുസ്ലിം വിഭാഗങ്ങൾക്കുമെതിരെ ചൈന നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ 50 പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ടെന്നാരോപിക്കുന്ന യു.എൻ റിപ്പോർട്ടിലെ എല്ലാ നിർദേശങ്ങളും പൂർണമായി നടപ്പാക്കണമെന്നും ഇവർ ചൈനയോടാവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് 10 ലക്ഷത്തിലേറെ ആളുകളെ ചൈന തടങ്കൽപ്പാളയങ്ങളിലാക്കിയിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും ലൈംഗികാതിക്രമങ്ങളുമാണ് തടവറക്കുള്ളിൽ നടക്കുന്നത്. തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളാണെന്ന് പറഞ്ഞ് ക്രൂരമായ ജനന നിയന്ത്രണ നയങ്ങളുൾപ്പെയുള്ള കാര്യങ്ങളാണ് സിൻജിയാങ്ങിൽ നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
യു.എൻ അംബാസഡർമാർ, ഉയ്ഗൂർ മനുഷ്യാവകാശ അഭിഭാഷകർ, ന്യൂനപക്ഷ അവകാശങ്ങൾക്കുള്ള പ്രത്യേക യു.എൻ അന്വേഷകർ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തുടങ്ങിയവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈകമീഷണറുടെ റിപ്പോർട്ട്. ചൈന അതിന്റെ ഭീകരവാദ-തീവ്രവാദ വിരുദ്ധ നയങ്ങളുടെ പേരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും അവ അടിയന്തരമായി പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അൽബേനിയ, അൻഡോറ, ആസ്‌ട്രേലിയ, ആസ്ട്രിയ, ബെൽജിയം, ബെലീസ്, ബൾഗേറിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ക്രൊയേഷ്യ, ഡെൻമാർക്ക്, എസ്റ്റോണിയ, എസ്വാറ്റിനി, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്വാട്ടിമാല, ഐസ്‌ലൻഡ്, അയർലൻഡ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലൈബീരിയ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മാർഷൽ ദ്വീപുകൾ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, നോർത്ത് മാസിഡോണിയ, നോർവേ, പലാവു, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സാൻ മരിനോ, സ്ലൊവാക്യ, സ്ലൊവാക്യ സൊമാലിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തുർക്കിയെ, ഉക്രെയ്ൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളാണ് ചൈനക്കെതിരെയുള്ള പ്രസ്താവനയിൽ ഒപ്പു വെച്ചത്.
അതേസമയം, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് ഭിന്നിപ്പ് സൃഷ്ടിക്കാനും ചൈനയുടെ വികസനത്തെ തടസ്സപ്പെടുത്താനും മനുഷ്യാവകാശ പ്രശ്‌നങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ് ചെയ്യുന്നതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ചൈന ആരോപിച്ചു. തെറ്റായ പ്രചരണത്തിലൂടെ യു.എൻ ചാർട്ടറിന്‍റെ നിയമങ്ങൾ ലംഘിക്കുകയാണ് മറ്റുള്ളവർ ചെയ്യുന്നതെന്നും ചൈന പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

