നേപ്പാൾ വിമാനാപകടം: എഞ്ചിനുകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് ബ്ലാക്ക് ബോക്സ് റിപ്പോർട്ട്
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണ് 71 യാത്രക്കാർ മരിക്കാനിടയായ സംഭവത്തിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും രണ്ട് എഞ്ചിനുകളിലെയും പ്രൊപ്പല്ലേഴ്സ് ഫെതറിങ് പൊസിഷനിലാവുകയും ചെയ്തതോടെയാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്. മാനുഷികമായ അബദ്ധങ്ങളുമാകാം നിയന്ത്രണം നഷ്ടപ്പെടാനിടയാക്കിയതെന്നും സംശയിക്കുന്നു.
നേപ്പാളിലെ പൊഖാറയിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ജനുവരി 15നാണ് യതി എയർലൈനിന്റെ വിമാനം മലയിടുക്കിൽ തകർന്നുവീണത്. വിമാനത്തിന്റെ പ്രൊപ്പല്ലറുകൾ രണ്ടും വിമാനം ഇറങ്ങി അവസാനമാകുമ്പോൾ എങ്ങനെയാണോ ഉണ്ടാകേണ്ടത് അതേ അവസ്ഥയിലായിരുന്നു അപകടസമയത്ത് ഉണ്ടായിരുന്നത്.
പ്രൊപ്പല്ലറുകൾ ഫെതർ പൊസിഷനിൽ എന്നതിനർഥം വിമാനം മുന്നോട്ടു പോകാനുള്ള ഊർജം എഞ്ചിനുകളിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നാണ്. അതായത് അപകട സമയത്ത് എഞ്ചിനുകൾ പ്രവർത്തിച്ചിരുന്നില്ല. എന്നാൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡ് പരിശോധിച്ചപ്പോൾ എഞ്ചിനുമായി ബന്ധപ്പെട്ട വിവരങ്ങളിലൊന്നും അസാധാരണത്വം കണ്ടെത്തിയിട്ടില്ല.
എയർ ട്രാഫിക് കൺട്രോളർ 10.57.07ന് വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയപ്പോൾ പൈലറ്റ് രണ്ട് തവണ എഞ്ചിനിൽ നിന്ന് പവർ വരുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നുവെന്നും അഞ്ചംഗ അന്വേഷണക്കമ്മിറ്റി ചൂണ്ടിക്കാട്ടി.
വിമാനത്തിന്റെ ചിറകുകൾ ക്രമീകരിക്കുന്നതിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്യാപ്റ്റൻമാരും തമ്മിൽ ആശയ വിനിമയ കുഴപ്പം നേരിട്ടിട്ടുണ്ട്. ഒരു ക്യാപ്റ്റൻ ഫ്ലാപ് 30 എന്ന് ആവശ്യപ്പെടുകയും മറ്റേയാൾ അത് ആവർത്തിക്കുകയും ചെയ്തിട്ടും ഫ്ളാപ്പ് 15 ൽ നിന്ന് ചിറകുകൾക്ക് വ്യതിയാനമൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഈ അപകടത്തിലെ മാനുഷിക ഘടകത്തെ അവഗണിക്കാനാവില്ല. അത് അന്വേഷിക്കേണ്ട വിഷയമാണെന്നും അംഗങ്ങൾ വ്യക്തമാക്കി.
വിമാന അപകടത്തിൽ അഞ്ച് ഇന്ത്യക്കാരും നാല് ക്രൂ അംഗങ്ങളും ഉൾപ്പെടെ 71 പേർ മരിക്കുകയും ഒരാളെ കാണാതാവുകയുമായിരുന്നു. കാണാതായ ആൾ മരിച്ചുവെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

