ജനാധിപത്യം സംരക്ഷിക്കാൻ ബ്രസീലിൽ കൂറ്റൻ റാലികൾ
text_fieldsറിയോ ഡെ ജനീറോ: മുൻ പ്രസിഡന്റ് ജയ്ർ ബൊൽസനാരോയുടെ അനുയായികൾ കഴിഞ്ഞ ദിവസം നടത്തിയ അട്ടിമറിനീക്കത്തിൽ പ്രതിഷേധിച്ച് ബ്രസീലിൽ പതിനായിരങ്ങൾ തെരുവിൽ. ബ്രസീലിന്റെ വിവിധ ഭാഗങ്ങളിൽ ജനാധിപത്യസംരക്ഷണത്തിനായി പടുകൂറ്റൻ റാലികളാണ് നടന്നത്.
സാവോപോളോ, റിയോ ഡെ ജനീറ തുടങ്ങി വൻനഗരങ്ങളിലെല്ലാം നടന്ന റാലികളിൽ ലൂല ഡ സിൽവയുടെ വർക്കേഴ്സ് പാർട്ടിയുടെ നിറമായ ചുവപ്പുവസ്ത്രങ്ങൾ അണിഞ്ഞാണ് നിരവധി പേർ പങ്കെടുത്തത്. അട്ടിമറിശ്രമം നടത്തിയവർക്ക് മാപ്പില്ല, ബൊൽസനാരോക്ക് ജയിൽ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രകടനങ്ങൾ.
ഞായറാഴ്ച തലസ്ഥാനമായ ബ്രസീലിയയിൽ പാർലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവുമടക്കം കൈയേറിയ പ്രക്ഷോഭകരെ പൊലീസും സൈന്യവും ചേർന്നാണ് ഒഴിപ്പിച്ചത്. സംഭവത്തിൽ 1500ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബൊൽസനാരോ അനുയായികളായ തീവ്രവലതുപക്ഷക്കാർ കേടുവരുത്തിയ പാർലമെന്റും സുപ്രീംകോടതിയും പ്രസിഡന്റ് ലൂല ഡ സിൽവ സന്ദർശിച്ചു.
അതേസമയം, അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ജയ്ർ ബൊൽസനാരോയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച നടന്ന അക്രമങ്ങളെ തള്ളിപ്പറഞ്ഞ ബൊൽസനാരോ, സമാധാന രീതിയിലുള്ള പ്രക്ഷോഭം തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ബൊൽസനാരോയെ രാജ്യത്തുനിന്ന് പുറത്താക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു മേൽ സമ്മർദമേറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

